സംഘപരിവാരങ്ങൾ കാലുവാരി എന്നെ തോ‌ൽപ്പിച്ചു: ഭീമൻ രഘു

ചൊവ്വ, 16 ജനുവരി 2018 (14:36 IST)
ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിവരാത്ത പാര്‍ട്ടിയാണ് ബിജെപിയെന്ന് നടനും ബിജെപി അനുഭാവിയുമായ ഭീമന്‍ രഘു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്താനാപുരം മണ്ഡലത്തില്‍നിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു ഭീമൻ രഘു. 
 
എന്തുകൊണ്ടാണ് തെരഞ്ഞെടുപ്പിൽ താൻ തോറ്റതെന്നും ഭീമൻ രഘു പറയുന്നുണ്ട്. വിജയിക്കുമെന്ന കടുത്ത ആത്മവിശ്വാസമായിരുന്നു തെരഞ്ഞെടുപ്പ് സമയത്ത് ഉണ്ടായിരുന്നതെന്നും പക്ഷേ പിന്നീട് ആവേശമൊക്കെ ചോർന്ന് പോയെന്നും അദ്ദേഹം പറയുന്നു. ബഹ്റൈനില്‍ ബന്ധുവിന്റെ കട ഉദ്ഘാടനത്തിനായി എത്തിയതായിരുന്നു അദ്ദേഹം.
 
സംഘപരിവാരങ്ങള്‍ തന്നെ കാലുവാരി തോല്‍പ്പിക്കുകയായിരുന്നുവെന്ന് ഭീമൻ രഘു പറയുന്നു. ചെറുപ്പം മുതലെ ആര്‍എസ്എസ് ആശയങ്ങളോട് യോജിപ്പുണ്ടായിരുന്നുവെങ്കിലും നരേന്ദ്ര മോഡിയുടെ വ്യക്തിപ്രഭാവം കൊണ്ടാണ് സ്ഥാനാര്‍ത്ഥിയായതെന്നുമാണ് അദ്ദേഹം പറയുന്നത്.
 
തെരഞ്ഞെടുപ്പ് അടുക്കാനായപ്പോൾ പ്രവര്‍ത്തകരായി കൂടെ നിന്നവര്‍ പലരും കാലുവാരിയതായും ഭീമന്‍രഘു തുറന്നടിച്ചു. തെരഞ്ഞെടുപ്പ് ദിവസം അടുക്കുംതോറും കൂടെ പാര്‍ട്ടിയും പാര്‍ട്ടിക്കാരും ഇല്ലാത്ത അവസ്ഥയായി. സുരേഷ് ഗോപി പത്തനാപുരത്തെ പ്രചരണത്തിന് വരാത്തത്തിനെക്കുറിച്ചും അദ്ദേഹം പരിഭവം പറഞ്ഞു. പത്തിലധികം തവണ ഫോണില്‍ വിളിച്ചിട്ടും വരാത്തത് വിഷമം ഉണ്ടാക്കി. തനിക്ക് കിട്ടിയ വോട്ട് കൂടുതലും മുസ്ലീം സുഹൃത്തുക്കളുടെതായിരുന്നു. അത് തന്റെ സൗഹൃദ വോട്ടുകള്‍ മാത്രം ആയിരുന്നു.
 
ജനങ്ങളുടെ ഇടയിലേക്ക് ഈ പാര്‍ട്ടി ഇറങ്ങി വരുന്നില്ല. നേതാക്കള്‍ അതിനു മെനക്കെടാത്തതുകൊണ്ടാകാം പാര്‍ട്ടി ഇപ്പോഴും നില്‍ക്കുന്നിടത്ത് നിന്ന് ഒരു ചുവട് മുന്നോട്ട് പോകാത്തത് എന്നും രഘു പറയുന്നു. ബിജെപി സ്ഥാനാര്‍ഥി ആയതിന്റെ പേരില്‍ കുറെ മൈനസ്​ പോയിന്‍റുകള്‍ ഉണ്ടായെന്നും സിനിമയിലും പലരും വിളിക്കാതായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍