യഥാർഥ കാര്യങ്ങൾ പുറത്തു പറയരുതെന്ന് നടി ആവശ്യപ്പെട്ടു, കൂട്ടിന് നിർമാതാവും! - ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ചൊവ്വ, 16 ജനുവരി 2018 (09:32 IST)
കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ. തനിക്കെതിരെ വധഭീഷണിയുണ്ടെന്നും ഒരു നിർമാതാവും ഉപദ്രവിക്കപ്പെട്ട നടിയുമാണ് ഭീഷണിപ്പെടുത്തുന്നതെന്നും രണ്ടാം പ്രതി മാർട്ടിൻ കോടതിയെ അറിയിച്ചു. റിമാൻഡ് കാലാവധി അവസാനിച്ചതിനെത്തുടർന്നു കോടതിയിൽ ഹാജരാക്കിയപ്പോഴാണ് മാർട്ടിൻ ഇക്കാര്യം പറഞ്ഞത്.
 
തനിക്കെതിരെ വധഭീഷണിയുണ്ടെന്നും ഒരു നിർമാതാവും ഉപദ്രവിക്കപ്പെട്ട നടിയുമാണ് ഭീഷണിപ്പെടുത്തുന്നതെന്നും രണ്ടാം പ്രതി മാർട്ടിൻ കോടതിയെ അറിയിച്ചു. റിമാൻഡ് കാലാവധി അവസാനിച്ചതിനെത്തുടർന്നു കോടതിയിൽ ഹാജരാക്കിയപ്പോൾ അടച്ചിട്ട മുറിയിലാണ് മാർട്ടിന്റെ മൊഴി രേഖപ്പെടുത്തിയത്. മാർട്ടിന്റെ പിതാവ് ആന്റണിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.  
 
കേസിലെ യഥാർഥ കാര്യങ്ങൾ പുറത്തു പറ‍യരുതെന്ന് ആവശ്യപ്പെട്ടാണ് നിർമാതാവും നടിയും ഭീഷണിപ്പെടുത്തുന്നതെന്നും മാർട്ടിന്റെ പിതാവ് പറഞ്ഞു. നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുമ്പോൾ നടി സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവർ ആയിരുന്നു മാർട്ടിൻ. 
 
സുനി മുന്നില്‍ നില്‍ക്കുമ്പോള്‍ ഒന്നും വെളിപ്പെടുത്താന്‍ തനിക്ക് ധൈര്യമില്ലെന്നും മാര്‍ട്ടിന്‍ പറഞ്ഞു. റിമാന്‍ഡ് കാലാവധി കഴിഞ്ഞതു കൊണ്ട് പള്‍സര്‍ സുനിയെയും മാര്‍ട്ടിനെയും അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തിച്ചപ്പോഴാണ് തനിക്ക് ചിലത് പറയാനുണ്ടെന്ന് മാര്‍ട്ടിന്‍ കോടതിയെ അറിയിച്ചത്.
 
മാർട്ടിന്റെ ആവശ്യ പ്രകാരം സുനിയെയും മറ്റു പ്രതികളെയും പുറത്തേക്ക് കൊണ്ടു പോവാന്‍ കോടതി നിർദ്ദേശിച്ചു. തുടർന്ന് അടച്ചിട്ട മുറിയിലാണ് കോടതി മാർട്ടിന്റെ വെ‌ളിപ്പെടുത്തൽ കേ‌ട്ടത്. മാർട്ടിൻ കോടതിയെ അറിയിക്കാനുള്ള കാര്യങ്ങൾ എഴുതി നൽകി. വധഭീഷണി ഉണ്ടെന്നുള്ള പരാതിയിൽ വേണ്ട സുരക്ഷ നൽകാൻ നിർദേശം നൽകാമെന്നും കോടതി അറിയിച്ചു. സുനിൽകുമാർ (പൾസർ സുനി) ഉൾപ്പെടെയുള്ള പ്രതികളുടെ റിമാൻഡ് 20 വരെ നീട്ടി.
 
അതേസമയം, കേസിലെ രേഖകളുടെയും വിഡിയോ ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡിന്റെയും പകർപ്പ് ആവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ അപേക്ഷ നാളെ പരിഗണിക്കും. പൊലീസിന്റെ ഭാഗവും നാളെ കേൾക്കും. അനുബന്ധ കുറ്റപത്രം ചോർന്നതു സംബന്ധിച്ച് ദിലീപ് നൽകിയ പരാതിയിൽ കോടതിവിധിയും നാളെയുണ്ടാകും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍