മൊഴി കൊടുക്കാതെ ബാറുടമകള്‍ മുങ്ങി‍, കോഴവിവാദം ‘കട്ടപ്പുക‘

ശനി, 3 ജനുവരി 2015 (09:38 IST)
മന്ത്രി കെഎം മാണിക്കെതിരായ കോഴവിവാദത്തില്‍ മൊഴിനല്‍കാന്‍ ബാറുടമകള്‍ എത്താത്തതിനേ തുടര്‍ന്ന് അന്വേഷണം പാതിവഴിയില്‍ നിലയ്ക്കുമെന്ന് സൂചന. മൊഴി നല്‍കാന്‍ ആരുമെത്താത്തത് വിജിലന്‍സ് അന്വേഷണത്തെ ബാധിക്കുന്ന തരത്തിലേക്ക് മാറുമെന്നാണ് അന്വേഷണോദ്യോഗസ്ഥര്‍ പറയുന്നത്. മൊഴി നല്‍കാന്‍ ഹാജരകണമെന്ന് കാണിച്ച് വിജിലന്‍സ് പലതവണ നോട്ടീസ് നല്‍കിയിരുന്നു എങ്കിലും ബാറുടമള്‍ പല കാരണങ്ങള്‍ പറഞ്ഞ് അവധി നീട്ടി വാങ്ങുന്നതിനാലാണ് മൊഴി രേഖപ്പെടുത്തുന്നത് തടസപ്പെട്ടത്.
 
കഴിഞ്ഞ മാസം 17 നാണ് മന്ത്രി കെ.എം. മാണിയെ പ്രതിയാക്കി വിജിലന്‍സ് കേസെടുത്തത്. മദ്യനയത്തിന്റെ ഭാഗമായി അടച്ചുപൂട്ടിയ ബാറുകള്‍ തുറക്കുന്നതിനായി മന്ത്രി കെ.എം. മാണി ഒരു കോടി രൂപ കോഴ വാങ്ങിയെന്ന ബിജു രമേശിന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ആരോപണം വന്നതിനേ തുടര്‍ന്ന് പ്രതിപക്ഷനേതാവ് വി‌എസ് അച്യുതന്ദന്‍ നല്‍കിയ പരാതിയിലാണ് വിജിലന്‍സ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ കേസെടുത്ത് രണ്ടാഴ്ച കഴിഞ്ഞിട്ടും അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.
 
ബാര്‍ കോഴ കേസില്‍ മൊഴി നല്‍കാന്‍ വിജിലന്‍സ് നോട്ടീസയച്ചിട്ടും ബാര്‍ ഉടമകളെത്തുന്നില്ല. ക് വെരിഫിക്കേഷന്‍ ഘട്ടത്തില്‍ ഹാജരാകാതിരുന്നവര്‍ക്കാണ് ആദ്യം നോട്ടീസ് അയച്ചത്. ഇത് കൂടാതെ ക്വിക് വെരിഫിക്കേഷന്‍ സമയത്ത് മൊഴി രേഖപ്പെടുത്തിയ എട്ടുപേര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ഇതില്‍ ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ് മാത്രമാണ് മൊഴി നല്‍കാനെത്തിയത്.  മൊഴി നല്‍കിയപ്പോഴും തന്റെ ആരോപണത്തില്‍ ബിജു ഉറച്ചു നില്‍ക്കുകയായിരുന്നു.
 
എന്നാല്‍ അസോസിയേഷന്‍ ജന.സെക്രട്ടറി ധനേശനോട് മൊഴിയെടുക്കാനുള്ള സമയവും സ്ഥലവും അറിയിച്ചാല്‍ അങ്ങോട്ടു ചെല്ലാമെന്ന് വിജിലന്‍സ് അറിയിച്ചിട്ടും മറുപടി നല്‍കാതെ ഇയാള്‍ ഒഴിഞ്ഞുമാറി. ബാറുടമകളുടെ വീട്ടില്‍ നേരിട്ട് ചെന്ന് നൊട്ടീസ് കൈമാറാന്‍ വിജിലന്‍സ് ശ്രമിഞ്ച്ചെങ്കിലും ആരും അത് സ്വീകരിക്കാന്‍ തയ്യാറാകാത്തതിനാല്‍ വിജിലന്‍സ് ആകെ പ്രതിരോധത്തിലായിരിക്കുകയാണ്. പലരും ഇതേ നിലപാട് തുടരുന്നതിനാല്‍ കേസ് എടുത്തതിനെതിരെ ആരെങ്കിലും കോടതിയേ സമീപിക്കാനുള്ള സാധ്യതയുണ്ട്. ഇങ്ങനെ സംഭവിച്ചല്‍ അത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും. 
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക