ബാര്‍ കോഴക്കേസില്‍ നിഷ്‌പക്ഷ നിയമോപദേശം തേടി വിജിലന്‍സ് ഡയറക്‌ടര്‍
തിങ്കള്‍, 22 ജൂണ്‍ 2015 (18:05 IST)
മന്ത്രി കെഎം മാണിയ്‌ക്ക് എതിരായ ബാര്‍ കോഴക്കേസില്‍ നിയമോപദേശം തേടി വിജിലന്‍സ് ഡയറക്‌ടര്‍ വിന്‍സന്റ് എം. പോള്‍ വീണ്ടും കത്തെഴുതി. അറ്റോണി ജനറലിനും സോളിസിറ്റര്‍ ജനറലിനുമാണ് കത്തെഴുതിയത്. കഴിഞ്ഞ ആഴ്‌ചയും ഇതേ ആവശ്യം ഉന്നയിച്ച് വിജിലന്‍സ് ഡയറക്‌ടര്‍ കത്തെഴുതിയിരുന്നു. ഇതിന് മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് ഇന്ന് വീണ്ടും കത്തെഴുതിയത്.
ഒരാഴ്ച മുമ്പാണ് സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാറില്‍ നിന്നും അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയില്‍ നിന്നും വിജിലന്‍സ് ഡയറക്ടര്‍ നിയമോപദേശം തേടിയത്. നിഷ്‌പക്ഷത ഉറപ്പാക്കാനാണ് നിയമോപദേശം തേടുന്നതെന്നും ആവശ്യമെങ്കില്‍ അന്വേഷണ റിപ്പോര്‍ട്ടുമായി നേരിട്ട് വരാമെന്നും വിന്‍സന്റ് എം. പോള്‍ കത്തില്‍ വ്യക്‌തമാക്കിയിട്ടുണ്ട്.
അഴിമതി നിരോധന നിയമത്തിലെ ഏഴ്, 13 വകുപ്പുകള്‍ പ്രകാരം മന്ത്രി മാണിക്കെതിരെയുള്ള ആരോപണം നിലനില്‍ക്കുമോയെന്ന വിഷയത്തിലാണ് വിജിലന്‍സ് ഡയറക്ടര്‍ ഉപദേശം തേടിയിട്ടുള്ളത്. മാണിക്കെതിരെയുള്ള ആരോപണം അന്വേഷിച്ച വിജിലന്‍സ് എസ്.പി. സുകേശന്‍ സമര്‍പ്പിച്ച വസ്തുതാവിവര റിപ്പോര്‍ട്ട് പരിശോധിച്ച വിജിലന്‍സ് നിയമോപദേഷ്ടാവ് കുറ്റപത്രം നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഈ നിയമോപദേശം അടങ്ങുന്ന ഫയല്‍ വിജിലന്‍സ് ഡയറക്ടര്‍ ഡി.ജി.പി. വിന്‍സന്‍ എം. പോളിന്റെ പരിശോധനയിലാണ്. ഇതിന്റെ ഭാഗമായിട്ടാണ് അദ്ദേഹം കേന്ദ്ര നിയമ വിദഗ്ധരില്‍നിന്ന് ഉപദേശം തേടിയത്.