പാലക്കാട് തോല്‍വി റിപ്പോര്‍ട്ട്, മേഖലാ ജാഥ വിഷയം: നിര്‍ണായക തീരുമാനം ഇന്ന്

ശനി, 9 മെയ് 2015 (08:24 IST)
ബാര്‍ കോഴയില്‍ വിജിലന്‍സ് നടത്തുന്ന അന്വേഷണം അവസാനിച്ചശേഷം യുഡിഎഫ് മേഖലാ ജാഥ നടത്തിയാല്‍ മതിയെന്ന കെഎം മാണിയുടെ ആവശ്യത്തില്‍ കോണ്‍ഗ്രസ് നിലപാട് ഇന്നുണ്ടാകും. പാലക്കാട് തോല്‍വിയെ സംബന്ധിച്ച് ഉപസമിതി റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറും. സംഘടനാ തെരഞ്ഞെടുപ്പ് വിഷയം ചര്‍ച്ച ചെയ്യാന്‍ കെപിസിസി നിര്‍വാഹക സമിതിയോഗം ഇന്ന് ചേരും

ബാര്‍കോഴക്കേസ് അന്വേഷണം കഴിഞ്ഞു മതി മേഖലാ ജാഥകള്‍ എന്ന കെ എം മാണിയുടെ ആവശ്യത്തോട് കോണ്‍ഗ്രസില്‍ ഭിന്നാഭിപ്രായം ഉണ്ട്. മുന്നണിയിലെ പ്രബല ഘടക കക്ഷിയായ കേരള കോണ്‍ഗ്രസ്-എം ഇല്ലാതെ എങ്ങനെ മേഖലാ ജാഥ നടത്തുമെന്ന് ഒരു വിഭാഗം ചോദിക്കുബോള്‍ ഘടക കക്ഷിയുടെ സമ്മര്‍ദ്ദത്തിനു വഴങ്ങേണ്ടെന്നാണു മറുപക്ഷം പറയുന്നത്. എന്നാല്‍ കേരള കോണ്‍ഗ്രസിന്റെ സമ്മര്‍ദത്തിന് വഴങ്ങേണ്ടതില്ലെന്നാണ് പൊതുവികാരം. പ്രഖ്യാപിച്ച ജാഥകള്‍ മാറ്റിവയ്ക്കുന്നത് ശരിയല്ലെന്നും ഇത് മുന്നണിയിലെ ഭിന്നത പരസ്യമാകുന്നതിന് തുല്യമാണെന്നും കോണ്‍ഗ്രസിലെ ഒരു വിഭാഗം വിലയിരുത്തുന്നു.

ബാര്‍ കോഴയില്‍ വിജിലന്‍സ് നടത്തുന്ന അന്വേഷണം അവസാനിച്ചശേഷം യുഡിഎഫ് മേഖലാ ജാഥ നടത്തിയാല്‍ മതിയെന്ന നിലപാടില്‍ നിന്ന് തങ്ങള്‍ പിന്നോട്ടില്ലെന്നു കേരള കോണ്‍ഗ്രസ്- എം. യുഡിഎഫ് നേതൃത്വത്തെ ഇക്കാര്യം അറിയിച്ചിരുന്നു. അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ ജാഥകള്‍ ബഹിഷ്ക്കരിക്കാനാണു കേരള കോണ്‍ഗ്രസ് തീരുമാനമെന്നും നേതൃത്വം വ്യക്തമാക്കിയിരുന്നു.  
ഇന്ന് ചേരുന്ന കെപിസിസി നിര്‍വാഹക സമിതിയോഗത്തില്‍ കേരളാ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് പ്രശ്നവും, ബാര്‍ കോഴയും ഉയര്‍ന്നുവരുമെന്നാണ് റിപ്പോര്‍ട്ട്. മാണിയെ വിജിലന്‍സ് ചോദ്യം ചെയ്ത് സാഹചര്യത്തില്‍ ചേരുന്ന യോഗത്തിന് പ്രാധാന്യം ഏറെയാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക