താന്‍ കോഴ ആവശ്യപ്പെട്ടതിനോ വാങ്ങിയതിനോ തെളിവില്ല: മാണി

വെള്ളി, 30 ഒക്‌ടോബര്‍ 2015 (11:10 IST)
ബാർ കോഴക്കേസിൽ കൈക്കൂലി ചോദിച്ചതിന് തെളിവില്ലെന്ന് ധനമന്ത്രി കെഎം മാണി. താന്‍ കോഴ ആവശ്യപ്പെട്ടതിനോ വാങ്ങിയതിനോ തെളിവില്ല. ഇപ്പോള്‍ പാർട്ടി ഉന്നതാധികാര സമിതി ചേരേണ്ട സാഹചര്യമില്ല. ആവശ്യമുള്ളപ്പോൾ ചെയര്‍മാന്‍ യോഗം വിളിച്ചു ചേര്‍ക്കുമെന്നും മാണി പാലായില്‍ പറഞ്ഞു. ഉന്നതാധികാര യോഗം ഉടൻ വിളിച്ചുചേർക്കണമെന്ന മുന്‍ എംഎല്‍എയും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായി പിസി ജോസഫിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ധനമന്ത്രി.

ബാർ കോഴക്കേസിൽ ധനമന്ത്രി കെഎം മാണിക്കെതിരെ തുടരന്വേഷണത്തിന് തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിട്ട സാഹചര്യത്തില്‍ മാണി നിയമകാര്യ വകുപ്പെങ്കിലും ഒഴിയുന്നതാണ് നല്ലതെന്നാണ് പാർട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. ആരോപണമുയർന്നപ്പോൾ തന്നെ രാജിവച്ചിരുന്നെങ്കിൽ ഇപ്പോഴത്തെ പ്രതിസന്ധി ഒഴിവാക്കാമായിരുന്നുവെന്നും ഒരു വിഭാഗം വ്യക്തമാക്കി.

മാണി നിയമവകുപ്പ് എങ്കിലും അദ്ദേഹം ഒഴിയുന്നതാണ് ഉചിതമെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം അഭിപ്രായപ്പെടുന്നു. ഈ ആവശ്യം ഉന്നയിച്ച് പിസി ജോസഫ് കെഎം മാണിക്കും പിജെ ജോസഫിനും കത്തുനല്‍കാന്‍ ഒരുങ്ങുകയാണ്. മാണിയുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യാൻ കേരളാ കോൺഗ്രസിന്റെ ഉന്നതാധികാര യോഗം ഉടൻ വിളിച്ചുചേർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബാര്‍ കോഴ ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ മാണി രാജിവെച്ചിരുന്നെങ്കില്‍ ഈ പ്രതിസന്ധി ഒഴിവാക്കാമായിരുന്നു. ഇത് കുടുംബകാര്യമല്ലെന്നും പാര്‍ട്ടിയെ ബാധിക്കുന്ന വിഷയമാണ്. നിയമവകുപ്പ് കൈവശം വച്ചുകൊണ്ട് മാണി നിയമപോരാട്ടം നടത്തുന്നത് ശരിയല്ലെന്നും പി.സി.ജോസഫ് വിഭാഗം വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക