ബാര്‍ കോഴ: വിജലന്‍സ് ഡയറക്‍ടര്‍ അന്വേഷണത്തില്‍ ഇടപെട്ടിട്ടില്ലെന്ന് സര്‍ക്കാര്‍, വാദം തുടരുന്നു
തിങ്കള്‍, 9 നവംബര്‍ 2015 (11:55 IST)
ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ വിജിലന്‍സ് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം തുടരുന്നു. കേസിന്റെ അന്വേഷണത്തിൽ മേൽനോട്ടം വഹിക്കാൻ വിജിലൻസ് ഡയറക്ടർക്ക് അധികാരമുണ്ടെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. വിജിലൻസ് സര്‍ക്കാരിന്റെ ഭാഗമാണ്. ഒരു തരത്തിലും കേസില്‍ വിജലന്‍സ് ഡയറക്‍ടര്‍ ഇടപെട്ടില്ലെന്നും സര്‍ക്കാരിനായി വാദിച്ച കപില്‍ സിബല്‍ പറഞ്ഞു.
ബര്‍ കോഴ കേസില്‍ അന്തിമ റിപ്പോര്‍ട്ടില്‍ വിജിലൻസ് ഡയറക്‍ടര്‍ ഒരു തരത്തിലും ഇടപെട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. വാദം തുടരുകയാണ്.
കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനും ധനമന്ത്രിയുമായ കെഎം മാണിക്കെതിരെ തുടരന്വേഷണം വേണമെന്ന വിജിലന്‍സ് കോടതി വിധിയില്‍ പ്രഥമദൃഷ്ട്യാ അപാകമില്ലെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വിലയിരുത്തിയിരുന്നു. വിജിലന്‍സ് ഡയറക്ടര്‍ അധികാര പരിധി ലംഘിച്ചതായും കോടതി വ്യക്തമാക്കിയിരുന്നു. ജസ്റ്റീസ് ബി കമാല്‍പാഷയാണു ഹര്‍ജി പരിഗണിക്കുന്നത്.
കഴിഞ്ഞദിവസമാണ് അപ്രതീക്ഷിതമായി തുടരന്വേഷണത്തിന് അനുമതി നല്‍കിക്കൊണ്ടുള്ള കോടതി വിധിക്കെതിരേ വിജിലന്‍സ് ഹൈക്കോടതിയെ സമീപിച്ചത്. പ്രത്യേക ഹര്‍ജിയായാണ് അപ്പീല്‍ സമര്‍പ്പിച്ചത്. എന്നാല്‍ ഈ നടപടിയെ കോടതി വിമര്‍ശിക്കുകയായിരുന്നു. ബാര്‍ കോഴക്കേസില്‍ സര്‍ക്കാരിന് എന്താണ് ഇത്രയും വെപ്രാളമെന്നും കോടതി ചോദിച്ചിരുന്നു. എസ്‌പി റാങ്കിലുള്ള ഒരു ഉദ്യോഗസ്‌ഥന്‍ നടത്തിയ അന്വേഷണത്തില്‍ മേലുദ്യോഗസ്ഥന്‍ ഇടപെടേണ്ട കാര്യമില്ലെന്ന് വിജിലന്‍സ് മാന്വല്‍ പരിശോധിച്ച കോടതി കണ്ടെത്തിയിരുന്നു.
വിജിലന്‍സ് ഡയറക്ടറുടെ നടപടി വിജിലന്‍സ് മാന്വലിന് വിരുദ്ധമാണെന്നും കോടതി വിലയിരുത്തി. റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തേണ്ട ആവശ്യമില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനില്‍ നിന്ന് നിയമോപദേശം തേടിയതില്‍ സംശയം പ്രകടിപ്പിക്കുകയും ചെയ്തു. വിന്‍സന്‍ എം പോള്‍ വിജിലന്‍സ് മാനുവല്‍ ലംഘിച്ചെന്ന ഗുരുതരമായ ആരോപണവും ഹൈക്കോടതി ഉന്നയിച്ചിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനേറ്റ കനത്ത തിരിച്ചടിക്ക് കാരണം ബാര്‍ കോഴക്കേസാണെന്ന് മുന്നണിയില്‍ നിന്ന് തന്നെ ശബ്‌ദം ഉയര്‍ന്ന സാഹചര്യത്തില്‍ ഇന്നത്തെ കോടതി വിധി നിര്‍ണായകമാകും. മാണിക്കെതിരായ തുടരന്വേഷണ അനുമതി ഹൈക്കോടതി ശരിവച്ചാല്‍ മന്ത്രിസഭയില്‍ മാണി തുടരുന്നതു പ്രതിസന്ധിയിലാകും.