ബാര്‍കേസ്: അറ്റോര്‍ണി ജനറലിനെതിരെ ആഭ്യന്തരമന്ത്രി

ശനി, 15 ഓഗസ്റ്റ് 2015 (13:03 IST)
അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്‌തഗിക്ക് എതിരെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ബാര്‍ കേസില്‍ സുപ്രീംകോടതിയില്‍ ഹാജരായ നടപടിക്കെതിരെയാണ് ആഭ്യന്തരമന്ത്രി അറ്റോര്‍ണി ജനറലിന് എതിരെ തിരിഞ്ഞത്.
 
ജനങ്ങളുടെ താല്പര്യത്തിനെതിരെ അറ്റോര്‍ണി ജനറല്‍ നിലപാട് സ്വീകരിക്കുന്നത് ശരിയല്ല. എ ജിയുടെ നടപടി ഫെഡറല്‍ സംവിധാനത്തിന് എതിരാണ്. വിഷയത്തില്‍ അദ്ദേഹം ഔചിത്യം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
 
ബാര്‍കേസില്‍ കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് അറ്റോര്‍ണി ജനറല്‍ സ്വയം പിന്മാറണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
 
അതേസമയം, ബാര്‍ കേസില്‍ ഹോട്ടല്‍ ഉടമകള്‍ക്ക് വേണ്ടി അറ്റോര്‍ണി ജനറല്‍ ഹാജരാകുന്നതിനെ എതിര്‍ക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക