ജിഷ വധക്കേസ്: ഗോവിന്ദച്ചാമിയുടെ അഭിഭാഷകന്‍ അമീറുല്‍ ഇസ്ലാമിനു വേണ്ടി ഹാജരാകും

തിങ്കള്‍, 17 ഒക്‌ടോബര്‍ 2016 (14:10 IST)
വിവാദമായ ജിഷ വധക്കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിനു വേണ്ടി അഡ്വ ബി എ ആളൂര്‍ ഹാജരാകും. ആളൂരിനെ അഭിഭാഷകനായി നിയമിക്കണം എന്നാവശ്യപ്പെട്ട് അമീറുല്‍ ഇസ്ലാം നല്കിയ അപേക്ഷ കോടതി അംഗീകരിച്ചതിനെ തുടര്‍ന്നാണിത്. സൌമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിക്കു വേണ്ടി കീഴ്ക്കോടതി മുതല്‍ സുപ്രീംകോടതി വരെ ഹാജരായ അഭിഭാഷകനാണ് ആളൂര്‍. 
 
കഴിഞ്ഞ ഏപ്രില്‍ 28നാണ് പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനിയായ ജിഷ കൊല്ലപ്പെട്ടത്. കൂലിപ്പണിക്കു പോയ അമ്മ രാത്രി എട്ടരയോടെ വീട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് കൊല്ലപ്പെട്ട നിലയില്‍ ജിഷയ വീടിനുള്ളില്‍ കണ്ടത്.
 
ആന്തരാവയവങ്ങള്‍ വയര്‍ പൊട്ടി പുറത്തുവന്ന നിലയായിരുന്നു. കഴുത്തിലും നെഞ്ചിലും തലയുടെ പിന്‍വശത്തും താടിയിലും ആയുധം കൊണ്ടുണ്ടായ മുറിവ് ഉണ്ടായിരുന്നു. ചുരിദാറിന്‍റെ ടോപ്പ് മാത്രമേ ശരീരത്തില്‍ ഉണ്ടായിരുന്നുള്ളൂ. 
 
നീണ്ട അന്വേഷണത്തിനൊടുവില്‍ പ്രതിയായ അമീറുല്‍ ഇസ്ലാമിനെ ജൂണ്‍ 14 ന് തമിഴ്‌നാട്ടിലെ  കാഞ്ചീപുരത്തു നിന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

വെബ്ദുനിയ വായിക്കുക