ആദിവാസിമേഖലയായ അട്ടപ്പാടിയില്‍ ഉരുള്‍പൊട്ടലില്‍ വ്യാപകനാശം. അഗളി പഞ്ചായത്തിലെ പല്ലിയറയിലും ഷോളയാര്‍ പഞ്ചായത്തിലെ കോട്ടമലയിലുമാണ് ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായത്. ചൊവ്വാഴ്ച രാത്രി 12 മണിയോടെ ആയിരുന്നു ഉരുള്‍പൊട്ടല്‍.
ഉരുള്‍പൊട്ടലില്‍ പല്ലിയറയിലെ നിരവധി വീടുകള്‍ ഭാഗികമായി തകര്‍ന്നു. പല്ലിയറ സുനിമോള്‍ സുരേഷിന്‍റെ ശിവമന്ദിരമെന്ന വീട് ഭാഗികമായി തകര്‍ന്നപ്പോള്‍ കോട്ടമലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ സരസമ്മ എന്ന വൃദ്ധയുടെ വീട് ഒലിച്ചു പോയി.
ഉരുള്‍പൊട്ടലില്‍ നെല്ലിപ്പതി - പല്ലിയറ റോഡ്, കതിരുംപതി - പല്ലിയറ റോഡ് എന്നിവ പൂര്‍ണമായും തകര്‍ന്നു. പ്രദേശത്ത് വ്യാപക കൃഷിനാശം സംഭവിച്ചിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് അഞ്ചു ദിവസമായി വൈദ്യുതിബന്ധം പൂര്‍ണമായും വിഛേദിക്കപ്പെട്ടിരിക്കയാണ്.