നിയമസഭാ തെരഞ്ഞെടുപ്പ് കര്‍ശന കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തും: ടീക്കാറാം മീണ

ശ്രീനു എസ്

തിങ്കള്‍, 1 ഫെബ്രുവരി 2021 (20:17 IST)
കോവിഡിന്റെ പശ്ചാത്തലത്തില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രവൃത്തികളും കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക്, തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന പരിശീലനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം മുതല്‍ ഫലപ്രഖ്യാപനം വരെ തെരഞ്ഞെടുപ്പ് നടപടികളില്‍ സാമൂഹിക അകലം, മാസ്‌ക്, സാനിറ്റൈസര്‍ ഉപയോഗം അടക്കമുള്ള എല്ലാ കോവിഡ് മാനദണ്ഡങ്ങളും ഉറപ്പാക്കും.  സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണ സമയത്ത് ആളുകളുടെ എണ്ണവും നിയന്ത്രിക്കും.  ഈ സമയത്ത് തിരക്ക് ഒഴിവാക്കുന്നതിനായി സ്ഥാനാര്‍ത്ഥികള്‍ക്ക് വ്യത്യസ്ത സമയം ക്രമീകരിച്ചു നല്‍കും.  തെരഞ്ഞെടുപ്പ് കമ്മീഷന്റെ കോവിഡ് മാനദണ്ഡങ്ങള്‍ ഉദ്യോഗസ്ഥര്‍ കൃത്യമായി മനസിലാക്കിവേണം തെരഞ്ഞെടുപ്പ് പ്രക്രിയകളില്‍ ഏര്‍പ്പെടാന്‍. തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണ സമയത്തും തിരികെ സമര്‍പ്പിക്കുന്ന സമയത്തും ഉദ്യോഗസ്ഥര്‍ പാലിക്കേണ്ട നിബന്ധനകളില്‍ ഒരു വിട്ടുവീഴ്ചയും വരുത്തരുതെന്നും സുതാര്യമായ തെരഞ്ഞെടുപ്പിന് ഉദ്യോഗസ്ഥരുടെ കൃത്യമായ ഏകോപനവും ആത്മസമര്‍പ്പണവും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍