ലേലുഅല്ലു ലേലുഅല്ലു... കേജ്‌രിവാളിന്‍റെ മാപ്പുപരമ്പര തുടരുന്നു

തിങ്കള്‍, 19 മാര്‍ച്ച് 2018 (21:54 IST)
ഡല്‍‌ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ഇപ്പോള്‍ മാപ്പുപറയുന്നതിന്‍റെ തിരക്കിലാണ്. തിങ്കളാഴ്ച മാപ്പുപറഞ്ഞത് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയോടും കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിനോടുമാണ്. കഴിഞ്ഞ ദിവസം അകാലിദള്‍ മന്ത്രിയായിരുന്ന ബിക്രം മജിതിയയോട് മാപ്പ് പറഞ്ഞ് കേജ്‌രിവാള്‍ ആം ആദ്മി പാര്‍ട്ടിയില്‍ പൊട്ടിത്തെറി സൃഷ്ടിച്ചിരുന്നു.
 
അപകീര്‍ത്തിക്കേസുകള്‍ ഒന്നിനുപിറകേ മറ്റൊന്നായി വരുമ്പോഴാണ് കേജ്‌രിവാളിന്‍റെ മാപ്പുപറയല്‍ നീക്കം. വ്യക്തതയില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചതിനാണ് നിതിന്‍ ഗഡ്കരിയോട് മാപ്പുപറഞ്ഞിരിക്കുന്നത്. വോഡഫോണിന് നികുതിയിളവിനായി കപില്‍ സിബല്‍ നിയമവിരുദ്ധമായി ഇടപെട്ടു എന്ന് കേജ്‌രിവാള്‍ ആരോപണം ഉന്നയിച്ചിരുന്നു. ആ ആരോപണം പിന്‍‌വലിച്ചാണ് ഇപ്പോല്‍ കപില്‍ സിബലിനോട് മാപ്പപേക്ഷിച്ചിരിക്കുന്നത്.
 
കോണ്‍ഗ്രസ് നേതാവ് ഷീലാ ധീക്ഷിത്, കേന്ദ്രമന്ത്രി അരുണ്‍ ജെയ്‌റ്റ്‌‌ലി, ബി ജെ പി എംപി രമേശ് ബിധുരി തുടങ്ങിയവരോടും കേജ്‌രിവാള്‍ ഉടന്‍ മാപ്പുചോദിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 
 
ആരോപണങ്ങള്‍ പിന്‍‌വലിച്ച് മാപ്പുപറയുന്ന ശൈലി അരവിന്ദ് കേജ്‌രിവാള്‍ തുടരുന്ന ദേശീയതലത്തില്‍ തന്നെ വലിയ വിമര്‍ശനത്തിനും പരിഹാസത്തിനും കാരണമായിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍