സിപിഎമ്മിന്റെ രാഷ്ട്രീയ വനവാസത്തിന് തുടക്കമായെന്ന് ആന്റണി
ചൊവ്വ, 30 ജൂണ്‍ 2015 (14:43 IST)
സിപിഎമ്മിന്റെ രാഷ്ട്രീയ വനവാസത്തിന് തുടക്കം കുറിക്കുന്ന തിരഞ്ഞെടുപ്പ് വിജയമാണ് അരുവിക്കരയിലേതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണി പറഞ്ഞു. അരുവിക്കര വിജയത്തിനിഉ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തോൽവികളിൽ നിന്ന് പാഠം പഠിക്കാൻ സി.പി.എം ഇതുവരെ തയ്യാറായിട്ടില്ല. അതിനാൽ തന്നെ ഇനി പ്രവർത്തന ശൈലി മാറ്റിയാലും സി.പി.എം തകർച്ചയിൽ നിന്ന് കരകയറില്ല. സിപിഎമ്മിന്റെ രാഷ്ട്രീയാടിത്തറ തകർന്നു കഴിഞ്ഞു. നിഷേധരാഷ്ട്രീയത്തിനല്ല, കേരളത്തിൽ വികസന രാഷ്ട്രീയത്തിനാണ് സ്ഥാനമുള്ളത്. കാലഹരണപ്പെട്ട ആശയങ്ങളുമായി നടക്കുന്ന സി.പി.എമ്മിന്റെ പൊള്ളയായ അവകാശവാദങ്ങളെ ജനങ്ങൾ തള്ളിക്കളഞ്ഞുവെന്നും ആന്റണി പറഞ്ഞു.
വികസന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവണമെന്ന് യു.ഡി.എഫ് സർക്കാരിനുള്ള മുന്നറിയിപ്പ് കൂടിയാണ് ശബരിനാഥന്റെ വിജയം. ജി.കാർത്തികേയന് നൽകാവുന്ന ഏറ്റവും വലിയ ആദരാഞ്ജലിയാണിത്. തിരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസും യുഡിഎഫും ഒറ്റക്കെട്ടായി പ്രവർത്തിച്ചതിന്റെ ഫലമാണ് ഈ വിജയമെന്നും ആന്റണി ചൂണ്ടിക്കാട്ടി.