അരുവിക്കര ഉപതെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിലേക്ക് നീങ്ങവെ യുഡിഎഫ് സര്‍ക്കാരിനെതിരെ ശക്തമായി ആഞ്ഞടിച്ച് മുന്നേറുന്ന പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദനെ കടന്നാക്രമിച്ച് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരൻ. പ്രതിപക്ഷനേതാവ് എന്ന നിലയില്‍ വിഎസ് അച്യുതാനന്ദന്‍റെ നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞു. സിപിഎം കശാപ്പു ചെയ്യാന്‍പോകുന്ന ആടാണ് വിഎസ് എന്നും കെപിസിസി അധ്യക്ഷന്‍ പറഞ്ഞു.
അരുവിക്കരയില്‍ വിഎസിന്‍റെ സാന്നിധ്യം ഇടതുസ്ഥാനാര്‍ഥിക്കു തുണയേകുമെന്നാണ് എല്‍ഡിഎഫിന്‍റെ കണക്ക്. ഇതാണ് യുഡിഎഫിന്‍റെ കണക്കുതെറ്റിക്കുന്നതും. അതിനാല്‍ തന്നെ പ്രചാരണത്തിന്‍റെ ആദ്യഘട്ടത്തില്‍ വിഎസിനെ ഗൗനിക്കാതിരുന്ന കോണ്‍ഗ്രസ് നേതൃത്വം അദ്ദേഹത്തെ കടന്നാക്രമിച്ചാണ് ഇപ്പോള്‍ പ്രചാരണം നടത്തുന്നത്.
കഴിഞ്ഞ ദിവസവും വിഎസ് അച്യുതാനന്ദനെ കടന്നാക്രമിച്ച് സുധീരൻ രംഗത്തെത്തിയിരുന്നു. വിഎസിന്റെ നിലപാടുകള്‍ വൈരുദ്ധ്യം നിറഞ്ഞതാണെന്നും. കേരളാ കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍ ബാലകൃഷ്ണപിള്ളയുമായി ചങ്ങാത്തം നടത്തുന്നതും വി എസിന്റെ അഴിമതി കേസുകളിലെ ഇരട്ടത്താപ്പാണെന്ന് സുധീരൻ പറഞ്ഞിരുന്നു.
അരുവിക്കരയില്‍ വിഎസിന്‍റെ സാന്നിധ്യം ഇടതുസ്ഥാനാര്‍ഥിക്കു തുണയാകുന്ന സാഹചര്യം യുഡിഎഫ് പാളയത്തെ വിളറി പിടിപ്പിച്ചിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റ്ണിയും നടത്തുന്ന പ്രചാരണങ്ങളെ തരിപ്പണമാക്കുന്ന തരത്തില്‍ വിഎസ് അരുവിക്കരയില്‍ മുന്നേറുന്നതാണ് സുധീരനെ സമ്മര്‍ദ്ദത്തിലാക്കിയത്.