അരുവിക്കരയില്‍ യുഡിഎഫിനെ തോല്‍പ്പിക്കാനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും നടത്തും: ബാലകൃഷ്ണപിള്ള

വെള്ളി, 29 മെയ് 2015 (19:06 IST)
അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ തോല്‍പ്പിക്കാനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും നടത്തുമെന്ന് കേരളാ കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍ ബാലകൃഷ്ണപിള്ള. ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി തന്നെ ജയിക്കുമെന്നതില്‍ ആര്‍ക്കും സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.
 
മദ്യവ്യവസായിയും ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റുമായ രാജ്കുമാര്‍ ഉണ്ണിയും എക്‍സൈസ് മന്ത്രി കെ ബാബുവും തമ്മില്‍ അടുപ്പമാണ്. ഉണ്ണിക്ക് ബാബു വഴിവിട്ട സഹായങ്ങള്‍ ചെയ്തു കൊടുത്തു. ഉണ്ണിക്കെതിരായ കേസ് ഒത്തുതീര്‍പ്പാക്കാമെന്ന് ബാബു ഉറപ്പ് നല്‍കിയത് കൊണ്ടാണ് രാജ്കുമാര്‍ ഉണ്ണി ബാര്‍ കോഴക്കേസില്‍ രാജ്കുമാര്‍ ഉണ്ണി മൊഴി നല്‍കാത്തതെന്നും പിള്ള ആരോപിച്ചു.
 
സ്പിരിറ്റ് വാങ്ങിയ ഇനത്തില്‍ രാജ്കുമാര്‍ ഉണ്ണി സര്‍ക്കാരിന് 2 ലക്ഷം രൂപയാണ് നല്‍കാനുള്ളത്. ഈ തുക ഇതുവരെ നല്‍കിയിട്ടില്ല. പണം തിരിച്ചു പിടിക്കാന്‍ സര്‍ക്കാര്‍ നടപടി എടുത്തുമില്ല. ഈ കേസ് ഒതുക്കിത്തീര്‍ക്കാമെന്ന് ബാബു ഉണ്ണിക്ക് വാക്ക് നല്‍കിയിട്ടുണ്ടെന്നും പിള്ള ആരോപിച്ചു.
 

വെബ്ദുനിയ വായിക്കുക