ഇത് അച്ഛന്റെ വിജയം; അച്ഛനെ സ്നേഹിച്ച ജനത്തിന്റെ വിജയം: ശബരിനാഥന്‍
അരുവിക്കരയില്‍ നേടിയ വന്‍ വിജയം അച്ഛന്റെ വിജയവും, അച്ഛനെ സ്നേഹിച്ച ജനത്തിന്റെ വിജയവുമാണെന്നും കെഎസ് ശബരീനാഥന്‍. യുഡിഎഫ് ഒറ്റക്കെട്ടായി പ്രവർത്തിച്ചതാണ് ഇങ്ങനെയൊരു ഭൂരിപക്ഷം ലഭിക്കാൻ കാരണം. അച്ഛന്റെ ആത്മബന്ധം മുന്നോട്ടുകൊണ്ടുപോകണമെന്ന ജനങ്ങളുടെ ആഗ്രഹമാണിത്. യുഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോകണമെന്ന ആഗ്രഹം കേരള ജനതയ്ക്കുണ്ടെന്നും ശബരീനാഥന്‍ പറഞ്ഞു.
താഴേത്തട്ടുമുതലുള്ള പ്രവര്‍ത്തനത്തിന്റെ ഫലമാണ് അരുവിക്കരയിലെ ഈ വിജയം. നല്ലതേ സംഭവിക്കൂ എന്ന് ആദ്യംമുതല്‍ അറിയാമായിരുന്നു. പാര്‍ട്ടി അംഗങ്ങളോടും കടപ്പാടുണ്ട്. കനത്ത മഴയത്തുപോലും ജനമെത്തി വോട്ട്ചെയ്തു. റോഡ് വികസനമടക്കമുള്ള പദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോകും. അടിസ്ഥാന പദ്ധതികള്‍ക്കാകും മുന്‍തൂക്കം നല്‍കുക. പുതിയ ചില പദ്ധതികളും പ്ലാന്‍ ചെയ്യുന്നുണ്ടെന്നും ശബരീനാഥന്‍ പറഞ്ഞു.
ജി കാർത്തികേയനെക്കാൾ വലിയ നേതാവായി ശബരീനാഥൻ വളരുമോ എന്ന ചോദ്യത്തിന് അതൊക്കെ കാലം തെളിയിക്കേണ്ടതാണെന്നായിരുന്നു അമ്മ ഡോ സുലേഖയുടെ മറുപടി.