കെഎസ്‍യു വിമർശനം കുട്ടികളുടെ വാക്കുകളായി മാത്രം കാണുന്നു: സുലേഖ

ശനി, 30 മെയ് 2015 (19:48 IST)
അരുവിക്കരിയിൽ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയെ നിർണയിച്ചതുമായി ബന്ധപ്പെട്ട് കെഎസ്‍യു ഉന്നയിച്ച വിമർശനത്തിന് മറുപടിയുമായി ടിഎസ് സുലേഖ രംഗത്ത്. വിമർശനം കുട്ടികളുടെ വാക്കുകളായി മാത്രം കാണുന്നു. പഴയകാര്യങ്ങൾ അറിയാത്തതുകൊണ്ടാണ് കെഎസ്‍യു വിമർശനം നടത്തിയതെന്നും സുലേഖ വ്യക്തമാക്കി.
 
രാഷ്ട്രീയത്തിലേക്കുവന്ന മക്കൾ പ്രവർത്തന പാരമ്പര്യമുള്ളവർ. ശബരിനാഥ് പഠനകാലത്ത് രാഷ്ട്രീയത്തിൽ സജീവമായി ഇടപെട്ടിരുന്നു. എഞ്ചിനീയറിങ് കോളജിൽ കെഎസ്‌യു വേരുപിടിക്കാൻ ശബരിയുടെ പ്രവർത്തനം സഹായിച്ചുവെന്നും സുലേഖ പറഞ്ഞു. 
 
ജി കാര്‍ത്തികേയന്റെ മകന്‍ ശബരിനാഥ് സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് വിഎസ് ജോയി കെപിസിസിക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അരുവിക്കരിയിൽ നടക്കുന്നത് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പല്ലെന്നും, ഇതില്‍ കെഎസ്‌യു ഇടപെടേണ്ടെന്നുമുള്ള കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ വ്യക്തമാക്കുകയും ചെയ്തു. കെപിസിസി പ്രസിഡന്റിന് ഫേസ്‌ബുക്കിലൂടെയാണ് കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് മറുപടി നല്‍കിയത്. 
 
പാർട്ടിയുടെ തീരുമാനം അംഗീകരിക്കുന്നു. എന്നാൽ ഇത് കോളജ് യൂണിയൻ തെരഞ്ഞെടുപ്പല്ല എന്ന കെപിസിസി പ്രസിഡന്റിന്റെ അഭിപ്രായം കെഎസ്‍യു പ്രവർത്തകരെ ഏറെ വേദനിപ്പിച്ചിരിക്കുന്നു. ഇന്നലെകളിൽ ഈ പ്രസ്ഥാനത്തെ നയിച്ച് ഇടിമുഴക്കംപ്പോലെ അഭിപ്രായ പ്രകടനം നടത്തിയ നേതാക്കൻമാർ "പല്ലി വാല് മുറിച്ച് കളയുന്നത് പോലെ" ഭൂത കാലത്തെ മുറിച്ച് കളയെരുതെന്ന് അഭ്യർഥിക്കുന്നുവെന്നാണ് ജോയി പറയുന്നത്.
 

വെബ്ദുനിയ വായിക്കുക