കോൺഗ്രസുമായുള്ള സഖ്യം അജണ്ടയിലില്ല: കാനം രാജേന്ദ്രൻ

വെള്ളി, 3 ജൂലൈ 2015 (10:56 IST)
യുഡിഎഫിലേക്കുള്ള കോണ്‍ഗ്രസിന്റെ ക്ഷണം പരസ്യമായി തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്ത്. കോൺഗ്രസിന്റെ സഹാനൂഭൂതിക്ക് നന്ദിയുണ്ട്, അവരുമായുള്ള സഖ്യം അജണ്ടയിൽ ഇല്ല. മെലിഞ്ഞുപോയെന്ന് സഹതപിക്കുന്നവര്‍ സ്വയം കണ്ണാടി നോക്കാന്‍ കൂടി തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ക്ഷണത്തിനും കോണ്‍ഗ്രസ് പത്രം വീക്ഷണത്തിലെ മുഖപ്രസംഗത്തിനും വില നല്‍കുന്നില്ല. അരുവിക്കരയിലെ തോൽവിയെ കുറിച്ച് സിപിഐയും പരിശോധിക്കും. ജനവിധി അംഗീകരിക്കണം. ആവശ്യമെങ്കിൽ എൽഡിഎഫിലും തിരുത്തൽ ആവശ്യപ്പെടുമെന്നും കാനം പറഞ്ഞു.

കേരളത്തില്‍ ബിജെപി ഒരു വലിയ ശക്തിയല്ല. അരുവിക്കരയില്‍ രാജഗോപാല്‍ കൂടുതല്‍ വോട്ടുപിടിച്ചു എന്ന് മാത്രമേയുള്ളൂ. അല്ലാതെ
ബിജെപി ഒരു ശക്തിയായി വളര്‍ന്നിട്ടില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു. സോളറും സരിതയും പ്രചരണത്തിനു ഗുണം ചെയ്തോ എന്നും പരിശോധിക്കണം. ബിജെപിയുടെ വർഗീയതയ്ക്കും മോദി സർക്കാരിനുമെതിരെ പ്രചാരണം നടത്താൻ സാധിച്ചില്ല. കൂടാതെ ഒ.രാജഗോപാലിനു വ്യക്തിപരമായി കൂടുതൽ വോട്ടു പിടിക്കാൻ സാധിച്ചെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

സിപിഐയില്‍ കീഴ്കമ്മറ്റിയിലേക്ക് തരംതാഴ്ത്തിയ പിരാമചന്ദ്രന്‍ നായരെ സിപിഎം ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് ഒരാള്‍ ഏത് പാര്‍ട്ടിയില്‍ നില്‍ക്കണം എന്നത് അയാളുടെ സ്വാതന്ത്ര്യമാണെന്നായിരുന്നു കാനത്തിന്റെ മറുപടി. സിപിഎമ്മില്‍ നിന്ന് ധാരാളം ആളുകള്‍ സിപിഐയിലേക്കും വരുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് പത്രം വീക്ഷണത്തിലെ മുഖപ്രസംഗത്തില്‍ സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ചിരുന്നു. സിപിഎമ്മിന്റെ പിന്നില്‍ നിന്ന് സിപിഐ ദുര്‍ബലമായെന്നും മുഖപ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രംഗത്തെത്തിയത്.

വെബ്ദുനിയ വായിക്കുക