ആറന്മുള വിമാനത്താവളം: പാരിസ്ഥിതിക അനുമതി റദ്ദാക്കി

ബുധന്‍, 28 മെയ് 2014 (11:33 IST)
ആറന്മുള വിമാനത്താവളത്തിനുള്ള പാരിസ്ഥിതിക അനുമതി റദ്ദാ‍ക്കി. ദേശീയ ഹരിത ട്രിബ്യൂണലിന്റെ ചെന്നൈയിലെ ദക്ഷിണേന്ത്യന്‍ ബെഞ്ചാണ് അനുമതി റദ്ദാക്കിയത്. പദ്ധതിയുമായി ബന്ധപ്പെട്ട് കെജി‌എസ് ഗ്രൂപ്പ് ഒരു നടപടിയുമെടുക്കരുത്. പദ്ധതിയുമായി ബന്ധപ്പെട്ട ഏജന്‍സിക്ക് പഠനം നടത്താന്‍ അനുമതിയില്ല.  ഏജന്‍സി പൊതുജനങ്ങളില്‍ നിന്ന് കൃത്യമായ അഭിപ്രായശേഖരണം നടത്തിയില്ലെന്നും കോടതി നിരീക്ഷിച്ചു.
 
ജസ്റ്റിസ് ചൊക്കലിംഗം, നാഗരാജന്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്. ആറന്മുള വിമാനത്താവളത്തിനായി പാരിസ്‌ഥിതികാഘാത പഠനം നടത്തിയ ഏജന്‍സി ഇതിന്‌ അംഗീകാരമുള്ളതല്ലെന്ന്‌ ഹര്‍ജിക്കാര്‍ ഹരിത ട്രിബ്യൂണലയിനു മുന്നില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തണ്ണീര്‍ത്തടമായ ആറന്മുളയില്‍ കുന്നിടിക്കുന്നതും വയല്‍ നികത്തുന്നതും എന്നിവ മൂലം വന്‍ പാരിസ്‌ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും ഹര്‍ജിക്കാര്‍ വ്യക്‌തമാക്കി.
 
വിമാനത്താവളത്തിന്‌ സമീപമുള്ള ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിന്‌ ഉണ്ടാകാവുന്ന പ്രശ്‌നങ്ങളും നെടുമ്പാശ്ശേരി അന്താരാഷ്‌ട്ര വിമാനത്താവളവും കൊച്ചിയിലെ വ്യോമ താവളവും മൂലം വ്യോമ പാതയില്‍ ഞെരുക്കമുണ്ടാകുമെന്ന്‌ പ്രതിരോധ മന്ത്രാലയം നല്‍കിയ മുന്നറിയിപ്പുമെല്ലാം വാദത്തിനിടെ ഹരിത ട്രിബ്യൂണലിനു മുന്നില്‍ എത്തിയിട്ടുണ്ട്‌.
 
അതേസമയം, നിരവധി പ്രതികൂല ഘടകങ്ങള്‍ ഉണ്ടായിട്ടും വിമാനത്താവളത്തിന്‌ പാരിസ്‌ഥിതികാനുമതി നല്‍കിയ സംസ്‌ഥാന സര്‍ക്കാര്‍ ഇത്‌ സര്‍ക്കാര്‍ നയമാണെന്നും ട്രിബ്യൂണല്‍ ഇടപെടരുതെന്നുമാണ്‌ വാദമുയര്‍ത്തിയത്‌. വികസന പ്രവര്‍ത്തനങ്ങള്‍ക്കായി വയല്‍ നികത്താന്‍ അനുമതിയുണ്ടെന്നും സര്‍ക്കാര്‍ വാദിച്ചു.
 

വെബ്ദുനിയ വായിക്കുക