മാണിക്കും അനൂപ് ജേക്കബിനുമെതിരെ പിള്ള വിജിലൻസിന് പരാതി നൽകി

ശനി, 18 ഏപ്രില്‍ 2015 (09:33 IST)
ധനമന്ത്രി കെഎം മാണിക്കും ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബിനുമെതിരെ കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കി. അരി മില്ലുടമകളില്‍ നിന്നും ക്വാറി ഉടമകളില്‍ നിന്നും കോഴ വാങ്ങിയെന്നാണു മാണിക്കെതിരേയുള്ള ആരോപണം. കണ്‍സ്യൂമര്‍ ഫെഡിലും രജിസ്ട്രേഷന്‍ വകുപ്പിലും ജഡ്ജിമാരെ നിയമിച്ചതില്‍ ക്രമക്കേടു നടത്തിയെന്നാണു അനൂപ് ജേക്കബിനെതിരെയുള്ള ആരോപണം. ഇതേക്കുറിച്ച് വിശദമാ‍യി അന്വേഷിക്കണമെന്നും വിജിലന്‍സ് ഡയറക്ടര്‍ക്കു പരാതിയിൽ പിള്ള ആവശ്യപ്പെടുന്നു.

മാണിയും അനൂപ് ജേക്കബും അവരുടെ വകുപ്പുകളില്‍ അഴിമതി ഇടപാടുകള്‍ നടത്തിയെന്നും. ഈ കാര്യം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ബാലകൃഷ്ണപിള്ള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നല്‍കിയ രണ്ടു കത്തുകളുടെ പകര്‍പ്പും പരാതിക്കൊപ്പം വിജിലന്‍സിനു കൈമാറിയിട്ടുണ്ട്. അഴിമതി വിവരങ്ങള്‍ മുഖ്യമന്ത്രിയോട് പറഞ്ഞപ്പോള്‍ അദ്ദേഹം എഴുതി നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് മാണിയുടെ വകുപ്പില്‍ നടക്കുന്ന അഴിമതിയെ കുറിച്ചും, അനൂപ് ജേക്കബിനുമെതിരേയും എഴുതിയ മറ്റൊരു കത്തും  മുഖ്യമത്രിക്ക് നല്‍കി. എന്നാല്‍ എഴുതി നല്‍കിയിട്ടും യാതൊരുവിധ നടപടികളും ഉണ്ടായില്ലെന്നും ഈ സാഹചര്യത്തിലാണു വിജിലന്‍സിനു പരാതി നല്‍കാന്‍ തീരുമാനിച്ചതെന്നും പിള്ള പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക