അഞ്ജു ബോബി ജോർജിനെതിരെ ബോബി അലോഷ്യസ് നിയമ നടപടിയിലേക്ക്

ചൊവ്വ, 14 ജൂണ്‍ 2016 (14:51 IST)
സ്പോർട്സ് കൗൺസിൽ പ്രസിഡ്നറ്റ് അഞ്ജു ബോബി ജോർജിനെതിരെ മുൻ സ്പോർട്സ് താരം ബോബി അലോഷ്യസ് നിയമ നടപടിയിലേക്ക്. കായികമന്ത്രി ഇ പി ജയരാജിന് അഞ്ജു നൽകിയ തുറന്ന കത്തിലെ പരാമർശമാണ് ബോബിയെ ചൊടിപ്പിച്ചിരിക്കുന്നത്.
 
കത്തിലെ പരാമർശങ്ങൾ തനിയ്ക്ക് മാനഹാനി ഉണ്ടാക്കുന്നതാണെന്ന് ബോബി പറഞ്ഞു. അജ്ഞു ഉയർത്തിയ ആരോപണങ്ങൾ ഉൾപ്പെടെ എല്ലാക്കാര്യവും പരിശോധിക്കണമെന്ന് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനോട് ആവശ്യപ്പെടുമെന്നും ബോബി ഒരു വാർത്താ ചാനലിനോട് പറഞ്ഞു.
 
വിദേശ പരിശീലനത്തിന്റെ പേരിൽ പലരും ലക്ഷങ്ങൾ കൈപ്പറ്റിയിട്ടുണ്ടെങ്കിലും അതിന്റെ നിബന്ധനകളിൽ പറയുന്നപ്രകാരം പരീക്ഷകൾ ജയിച്ചിട്ടുണ്ടോ? കേരള സ്പോർട്്സിന് സൗജന്യ സേവനം നൽകിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളും അഴിമതിയുടെ കള്ളിയിൽ തന്നെ ഉൾപ്പെടുത്തണം. എന്നായിരുന്നു അഞ്ജുവിന്റെ കത്തിലെ പരാമർശം. 
 
കത്തിൽ ബോബി അലോഷ്യസിന്റെ പേരെടുത്ത് പറയുന്നില്ലെങ്കിലും ഇത് തന്നെ സംശയത്തിന്റെ നിഴലിൽ ആക്കിയിരിക്കുകയാണെന്ന് ബോബി അറിയിച്ചു. 2013 മുതലുള്ള 3 വർഷം ബോബിയായിരുന്നു സ്പോർട്സ് കൗൺസിലിന്റെ അസിസ്റ്റന്റ് സെക്രട്ടറി. ഈ പശ്ചാത്തലത്തിലാണ് ബോബി നിയമ നടപടിയിലേക്ക് നീങ്ങുന്നത്. 

വെബ്ദുനിയ വായിക്കുക