അഞ്ജു ബോബി ജോര്‍ജ് രാജി വെച്ചേക്കും; ടോം ജോസഫ് അടക്കം ഭരണസമിതി അംഗങ്ങളും രാജി വെച്ചേക്കും

ബുധന്‍, 22 ജൂണ്‍ 2016 (11:34 IST)
സ്പോര്‍ട് കൌണ്‍സില്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജ് രാജി വെച്ചേക്കും. ഇന്ന് ചേരുന്ന സ്പോര്‍ട്സ് കൌണ്‍സിലിന്റെ നിര്‍ണായകയോഗത്തില്‍ അഞ്ജു രാജിക്കാര്യം പ്രഖ്യാപിക്കും. അഞ്ജുവിനൊപ്പം ടോം ജോസഫ് അടക്കമുള്ള സ്പോര്‍ട്സ് കൌണ്‍സില്‍ ഭരണസമിതി അംഗങ്ങളും രാജി വെച്ചേക്കും.
 
സ്പോര്‍ട്സ് കൌണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ അഞ്ജു മാധ്യമങ്ങളോട് ചോദ്യങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല. യോഗത്തിനു ശേഷം ഉച്ചയ്ക്ക് 02.30ന് അവര്‍ മാധ്യമങ്ങളെ കാണും. തനിക്കെതിരായ ആരോപണങ്ങള്‍ അപ്രതീക്ഷിതമായിരുന്നു. ആരോപണങ്ങള്‍ പുകമറയായിരുന്നെന്നും ഒന്നും പ്രതീക്ഷിച്ചല്ല ചുമതലയേറ്റെടുത്തതെന്നും അഞ്ജു മാധ്യമങ്ങളോട് പറഞ്ഞു. തന്റെ രേഖകള്‍ ശുദ്ധമാണെന്നും അഞ്ജു പറഞ്ഞു. കൌണ്‍സില്‍ യോഗത്തിനു ശേഷം മാധ്യമങ്ങളെ കാണുമ്പോള്‍ കാര്യങ്ങള്‍ വ്യക്തമാക്കാമെന്നും അവര്‍ പറഞ്ഞു.
 
സംസ്ഥാന സ്പോര്‍ട്സ് കൌണ്‍സിലിന്റെ 10 വര്‍ഷത്തെ ഇടപാടുകള്‍ അന്വേഷിക്കാന്‍ ഇന്നത്തെ യോഗത്തില്‍ ആവശ്യപ്പെട്ടേക്കും. ഇത് സംബന്ധിച്ച പ്രമേയം ഇന്ന് കൌണ്‍സില്‍ യോഗത്തില്‍ അവതരിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

വെബ്ദുനിയ വായിക്കുക