അമീറുലിന്റെ ചിത്രങ്ങൾ പുറത്ത്; രേഖാചിത്രവുമായി സാമ്യമില്ല, പ്രതി യാത്രചെയ്ത ഓട്ടോ ഡ്രൈവറെ കണ്ടെത്തിയില്ല

വെള്ളി, 24 ജൂണ്‍ 2016 (12:50 IST)
ജിഷയുടെ കൊലയാളി അമീറുൽ ഇസ്ലാമിന്റെ ചിത്രങ്ങൾ പുറത്ത്. പ്രതിയുടെ അസമിലുള്ള സുഹൃത്തുക്കൾ നൽകിയതാണ് എന്ന പേരിലാണ് ചിത്രങ്ങൾ പ്രചരിക്കുന്നത്. അതേസമയം, പ്രചരിക്കുന്ന ചിത്രങ്ങൾക്ക് പൊലീസ് തയ്യാറാക്കിയ രേഖാചിത്രവുമായി സാമ്യവുമില്ല. ചില മാധ്യമങ്ങൾ വഴിയാണ് പ്രതിയുടെ ചിത്രങ്ങൾ പുറത്തുവന്നിരിക്കുന്നത്.
 
അമീറുലിന്റേതായി അന്വേഷണ സംഘത്തിന്റെ കൈവശമുള്ള ചിത്രം പ്രതിയുടെ മാതാപിതാക്കളെ കാണിച്ചതായും അവർ ഫോട്ടോ തിരിച്ചറിഞ്ഞതായുമാണ് ലഭിക്കുന്ന വിവരങ്ങൾ. അതേസമയം, ഈ ചിത്രങ്ങൾക്ക് രേഖാചിത്രവുമായി സാമ്യമില്ല. പ്രതിയെ കബളിപ്പിച്ച് കുടുക്കുന്നതിനായാണ് സാദൃശ്യമില്ലാത്ത രേഖാചിത്രം പൊലീസ് തയ്യാറാക്കിയതെന്നാണ് വിവരം.
 
അതേസമയം, സംഭവം നടക്കുമ്പോൾ അമീറുലിനോടൊപ്പം മറ്റൊരാൾ കൂടി ഉണ്ടായിരുന്നുവോ എന്ന സംശയത്തിലാണ് പൊലീസ്. ജിഷയുടെ വീട്ടിൽ നിന്നും രണ്ട് വിരലടയളങ്ങൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇത്തരമൊരു നിഗമനത്തിലെത്തിയത്. കൊലപാതകത്തിന് ശേഷം പ്രതി രക്ഷപ്പെട്ടത് ഓട്ടോറിക്ഷയിലാണെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഓട്ടോക്കാരനെ കണ്ടെത്താനായില്ല.
 

വെബ്ദുനിയ വായിക്കുക