സംസ്ഥാനത്തെ സ്വാശ്രയകോളജുകള്‍ അടച്ചിടും; ജിഷ്‌ണുവിന്റെ ആത്മഹത്യ എത്തിക്സ് കമ്മിറ്റി അന്വേഷിക്കുമെന്നും മാനേജ്‌മെന്റ് അസോസിയേഷന്‍

ബുധന്‍, 11 ജനുവരി 2017 (17:01 IST)
സംസ്ഥാനത്തെ സ്വാശ്രയ എഞ്ചിനിയറിങ് കോളജുകള്‍ വ്യാഴാഴ്ച അടച്ചിടും. വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെ തുടര്‍ന്ന് പാമ്പാടി നെഹ്‌റു കോളജിന് എതിരെ നടക്കുന്ന ആക്രമണ സംഭവങ്ങളില്‍ പ്രതിഷേധിച്ചാണ് കോളജുകള്‍ അടച്ചിടുന്നത്. 120 കോളജുകള്‍ ഇത് അനുസരിച്ച് അടച്ചിടും.
 
ബുധനാഴ്ച ചേര്‍ന്ന സ്വാശ്രയ മാനേജ്‌മെന്റ് അസോസിയേഷന്‍ യോഗമാണ് കോളജുകള്‍ അടച്ചിടാന്‍ തീരുമാനിച്ചത്. ശനിയാഴ്ച അസോസിയേഷന്‍ ഭാരവാഹികള്‍ വീണ്ടും യോഗം ചേരും. അനിശ്ചിതകാലത്തേക്ക് കോളജുകള്‍ അടച്ചിടുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്ന് പരിഗണിക്കുമെന്നും പ്രതിനിധികള്‍ മാധ്യമങ്ങളെ അറിയിച്ചു.
 
അതേസമയം, പാമ്പാടി നെഹ്‌റു കോളജിലെ വിദ്യാര്‍ത്ഥി ജിഷ്‌ണുവിന്റെ ആത്മഹത്യ സംബന്ധിച്ച് എത്തിക്സ് കമ്മിറ്റി അന്വേഷിക്കും. പ്രശ്നവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ സ്വാഗതം ചെയ്യുന്നതായും പ്രതിനിധികള്‍ അറിയിച്ചു. സ്വാശ്രയ കോളജുകള്‍ക്ക് സുരക്ഷ നല്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.
 
ജിഷ്‌ണുവിന്റെ ആത്മഹത്യയെ തുടര്‍ന്നാണ് സംസ്ഥാനത്ത് സ്വാശ്രയ കോളജുകള്‍ക്ക് എതിരെ പ്രതിഷേധം ശക്തമായത്.

വെബ്ദുനിയ വായിക്കുക