അഖില്‍ മാരാറും നുണപ്രചരണങ്ങളും; 'ലാപ് ടോപ്' വിവാദത്തിന്റെ വസ്തുത ഇതാണ്

രേണുക വേണു

വ്യാഴം, 8 ഓഗസ്റ്റ് 2024 (12:41 IST)
Nelvin Gok / [email protected]
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ലാപ് ടോപ് വിതരണം ചെയ്യാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് കെ.എസ്.എഫ്.ഇയ്ക്കു പണം അനുവദിച്ചതിനെതിരെ സോഷ്യല്‍ മീഡിയയില്‍ കുപ്രചരണങ്ങള്‍ നടക്കുകയാണ്. ബിഗ് ബോസ് മലയാളം സീസണ്‍ 5 വിജയിയും സംവിധായകനുമായ അഖില്‍ മാരാര്‍ ആണ് ഈ കുപ്രചരണങ്ങള്‍ക്ക് തുടക്കമിട്ടത്. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിലൂടെയും കെ.എസ്.എഫ്.ഇ മാനേജ്‌മെന്റ് പത്രക്കുറിപ്പിലൂടെയും ഈ കുപ്രചരണങ്ങള്‍ക്ക് മറുപടി നല്‍കിയിരുന്നു. യഥാര്‍ഥത്തില്‍ അഖില്‍ മാരാര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല. കെ.എസ്.എഫ്.ഇയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് അഖില്‍ മാരാര്‍ നടത്തുന്ന കുപ്രചരണങ്ങളുടെ സത്യാവസ്ഥ ഇതാണ്: 
 
1. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് കെ.എസ്.എഫ്.ഇയ്ക്ക് പണം നല്‍കിയിട്ടുണ്ടോ? 
 
ഉത്തരം: ഉണ്ട്, 45313 ലാപ് ടോപ്പുകള്‍ വാങ്ങാന്‍ 81.43 കോടി രൂപയാണ് സിഎംഡിആര്‍എഫില്‍ നിന്ന് കെ.എസ്.എഫ്.ഇയ്ക്ക് അനുവദിച്ചത് 
 
2. ലാപ് ടോപ് ലഭിച്ചവര്‍ ഘട്ടംഘട്ടമായി ഈ തുക കെ.എസ്.എഫ്.ഇയിലേക്ക് തിരിച്ച് അടയ്ക്കണോ? 
 
ഉത്തരം: വേണ്ട. പട്ടികജാതി, പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്കായി ആവിഷ്‌കരിച്ച 'വിദ്യാകിരണം' പദ്ധതിയ്ക്ക് കീഴില്‍ ലാപ് ടോപ് ലഭിച്ചവര്‍ക്ക് തിരിച്ചടവ് ഇല്ല. 
 
3. കെ.എസ്.എഫ്.ഇയ്ക്കു പണം തിരിച്ചടയ്ക്കണം എന്നു അഖില്‍ മാരാര്‍ ആരോപിക്കുന്നതിലെ വസ്തുത എന്ത്? 
 
ഉത്തരം: കുടുംബശ്രീ അംഗങ്ങളുടെ വിദ്യാര്‍ഥികളായ മക്കള്‍ക്കായി തവണ വ്യവസ്ഥയില്‍ ലാപ് ടോപ് നല്‍കുന്ന പദ്ധതിയുണ്ട്. അതാണ് വിദ്യാശ്രീ പദ്ധതി. ഈ പദ്ധതിക്ക് കീഴില്‍ ലാപ് ടോപ് ലഭിച്ച കുടുംബശ്രീ അംഗങ്ങളുടെ വിദ്യാര്‍ഥികളായ മക്കള്‍ക്കാണ് തവണ വ്യവസ്ഥകളായി തിരിച്ചടയ്ക്കേണ്ടത്. ലാപ് ടോപ് മുന്‍കൂര്‍ ആയി കെ.എസ്.എഫ്.ഇ കുടുംബശ്രീ അംഗങ്ങള്‍ക്കു നല്‍കുകയും അതിന്റെ വില പ്രതിമാസം 500 രൂപ വീതം തിരിച്ചടയ്ക്കുകയും ചെയ്യണമെന്നാണ് വ്യവസ്ഥ. 36 മാസത്തവണകളായി 500 രൂപ വീതം തിരിച്ചടയ്ക്കണം. അതായത് ശരാശരി 30,000 രൂപ വിലയുള്ള ലാപ് ടോപ്പിനു ആണെങ്കില്‍ പോലും 36 മാസത്തവണകളായി തിരിച്ചടയ്ക്കേണ്ട് വെറും 18,000 രൂപ മാത്രമാണ്. മാത്രമല്ല 36 മാസത്തവണകളില്‍ 33 മാസവും മുടക്കമില്ലാതെ അടയ്ക്കുന്ന പക്ഷം തിരിച്ചടവിന്റെ അവസാന മൂന്ന് മാസം ഒഴിവാക്കി തരും, അതായത് 1500 രൂപ കുറവ് അടച്ചാല്‍ മതി. 
 
കെ.എസ്.എഫ്.ഇയുടെ നേതൃത്വത്തിലുള്ള 'വിദ്യാശ്രീ പദ്ധതി'യിലാണ് തിരിച്ചടവ് ഉള്ളത്. അതും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി യാതൊരു ബന്ധവുമില്ല. ഇതിനെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ലാപ് ടോപ് വാങ്ങാന്‍ കെ.എസ്.എഫ്.ഇയ്ക്കു അനുവദിച്ച തുകയ്ക്ക് കെ.എസ്.എഫ്.ഇ തിരിച്ചടവ് വാങ്ങുന്നുണ്ടെന്ന തരത്തില്‍ അഖില്‍ മാരാര്‍ പ്രചരിപ്പിക്കുന്നത്. 
 
4. ലാപ് ടോപ് വാങ്ങാന്‍ കെ.എസ്.എഫ്.ഇയ്ക്കു പണം കൊടുത്തത് എന്തിനാണ്? സര്‍ക്കാരിനു നേരിട്ടു ചെയ്താല്‍ പോരേ?
 
ഉത്തരം: വിവിധ കമ്പനികളില്‍ നിന്ന് 18,000 രൂപ നിരക്കില്‍ പ്രത്യേക പാക്കേജ് ഇനത്തില്‍ വാങ്ങിയ ലാപ് ടോപ്പുകളാണ് കെ.എസ്.എഫ്.ഇ 'വിദ്യാശ്രീ പദ്ധതി'യിലൂടെ വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്തത്. ഇതേ വിലയ്ക്കു തന്നെ കെ.എസ്.എഫ്.ഇയില്‍ നിന്ന് ലാപ് ടോപ്പുകള്‍ വാങ്ങുകയായിരുന്നു സര്‍ക്കാര്‍. അതേസമയം മറ്റു കമ്പനികളില്‍ നിന്ന് സര്‍ക്കാര്‍ നേരിട്ടു വാങ്ങുമ്പോള്‍ കെ.എസ്.എഫ്.ഇ പ്രത്യേക പാക്കേജില്‍ വാങ്ങിയ വിലയ്ക്ക് ലാപ് ടോപ് ലഭിക്കില്ല. കെ.എസ്.എഫ്.ഇയുടെ 'വിദ്യാശ്രീ പദ്ധതി'യുമായി സംയോജിപ്പിച്ച് 'വിദ്യാ കിരണം പദ്ധതി' നടപ്പിലാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇത്തരത്തില്‍ 45,313 ലാപ് ടോപ്പുകള്‍ സര്‍ക്കാര്‍ വകുപ്പുകള്‍ ഏറ്റെടുത്ത് അര്‍ഹതപ്പെട്ടവര്‍ക്ക് വിതരണം ചെയ്തു. അതായത് കണക്കു പ്രകാരം 45,313*18000=81,56,34,000 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് കെ.എസ്.എഫ്.ഇയ്ക്കു അനുവദിക്കേണ്ടത്. അതാണ് 81.43 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് സിഎംഡിആര്‍എഫ് കണക്കുകളില്‍ പറയുന്നതും. 
 
(കെ.എസ്.എഫ്.ഇയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി പരാതി പരിഹാര സെല്ലുമായി നേരിട്ടു ബന്ധപ്പെട്ട് ശേഖരിച്ച വിവരങ്ങളാണ് ലേഖനത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്) 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍