ഗതാഗത വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തു, ശശീന്ദ്രന്റെ രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറി; മന്ത്രിപദത്തിനായി ചർച്ച ആരംഭിക്കും

തിങ്കള്‍, 27 മാര്‍ച്ച് 2017 (07:38 IST)
ഗതാഗത വകുപ്പ് മുഖ്യമന്ത്രി പിണറായി കൈകാര്യം ചെയ്യും. ലൈംഗിക ചുവയുളള സംഭാഷണം പുറത്തുവന്നതിനെ തുടര്‍ന്ന് എ കെ ശശീന്ദ്രൻ രാജിവെച്ചതോടെയാണ് ഗതാഗത വകുപ്പിന്റെ ചുമതല മുഖ്യമന്ത്രി ഏറ്റെടുത്തത്. എ കെ ശശീന്ദ്രന്റെ രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറി. 
 
എന്‍സിപിക്ക് ആകെയുളള രണ്ട് എംഎല്‍എമാരില്‍ ഒരാളായ തോമസ് ചാണ്ടി വിദേശത്തുനിന്നും കേരളത്തില്‍ എത്തുന്ന സാഹചര്യത്തില്‍ മന്ത്രിപദത്തെക്കുറിച്ചുളള ചര്‍ച്ചകള്‍ വീണ്ടും ആരംഭിച്ചേക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. പാര്‍ട്ടി പറഞ്ഞാല്‍ തനിക്ക് മന്ത്രിസ്ഥാനം ഏറ്റെടുക്കാന്‍ ബുദ്ധിമുട്ടില്ലെന്ന് തോമസ് ചാണ്ടി പറഞ്ഞിരുന്നു. 
 
പുറത്തുവന്ന വിവാദ ഫോണ്‍സംഭാഷണം ശശീന്ദ്രന്റേതാണോ എന്ന പരിശോധനയാണ് ആദ്യം നടക്കുക. സ്ത്രീകളെ അപമാനിച്ചതിന്റെ പേരില്‍ ഉന്നതര്‍ക്കെതിരെ മുമ്പുണ്ടായിട്ടുള്ള സംഭവങ്ങളിലെല്ലാം പരാതിക്കാർ നേരിട്ട് രംഗത്തെത്തിയിരുന്നു. എന്നാൽ, ശശീന്ദ്രന്റെ സംഭവത്തിൽ ഇതുവരെ പരാതിയുമായി ആരും രംഗത്തെത്തിയിട്ടില്ല.
 
മംഗളം ചാനല്‍ പുറത്തുവിട്ട ലൈംഗിക ചുവയുളള ടെലിഫോണ്‍ സംഭാഷണത്തെ തുടർന്നാണ് ഗതാഗത മന്ത്രിയായിരുന്ന എ കെ ശശീന്ദ്രന്‍ രാജിവെക്കുന്നത്. ആരോപണം നിഷേധിച്ച ശേഷമാണ് രാജി. രാജി കുറ്റസമ്മതമല്ലെന്നും എല്‍ഡിഎഫ് സര്‍ക്കാരിന്റേയും തന്റെ പാര്‍ട്ടിയുടേയും രാഷ്ട്രീയ ധാര്‍മ്മികത ഉയര്‍ത്തി പിടിക്കാനാണെന്നും ശശീന്ദ്രന്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക