കഴിഞ്ഞ കാല്‍ നൂറ്റാണ്ടിലേറെയായി ഇടത് മുന്നണിക്കൊപ്പം ഉറച്ചുനില്‍ക്കുന്ന പാര്‍ട്ടിയാണ് ഐഎന്‍എല്‍. നേരത്തെയും ഐഎന്‍എല്‍ പ്രതിനിധികള്‍ നിയമസഭയിലേക്ക് എത്തിയിട്ടുണ്ട്. എന്നാല്‍, മന്ത്രിസ്ഥാനം ലഭിച്ചിട്ടില്ല. ആദ്യമായാണ് ഇടത് സര്‍ക്കാരില്‍ ഐഎന്‍എല്ലിന് മന്ത്രിസ്ഥാനം ലഭിക്കുന്നത്. അര്‍ഹിക്കുന്ന പരിഗണന ലഭിച്ചതില്‍ വലിയ സന്തോഷമുണ്ടെന്ന് ഐഎന്‍എല്‍ പറഞ്ഞിരുന്നു.
വിദ്യാര്‍ഥിയായിരിക്കെ തന്നെ ഉറച്ച ഇടത് അനുഭാവിയായിരുന്നു നിയുക്തമന്ത്രി. അടിയന്തരാവസ്ഥക്കെതിരെ പോരാടി. അടിയന്തരാവസ്ഥയ്ക്കെതിരേ സ്‌കൂള്‍ മാഗസിനില്‍ പ്രബന്ധമെഴുതിയതിന്റെ പേരില്‍ അറസ്റ്റിലായതിന്റെ ഓര്‍മ അഹമ്മദ് ദേവര്‍കോവിലിനുണ്ട്. 1977 ല്‍ കുറ്റ്യാടി ഹൈസ്‌കൂളില്‍ പഠിക്കുമ്പോഴാണ് സംഭവം. സ്‌കൂള്‍ ലീഡര്‍ കൂടിയായ അഹമ്മദ് അടിയന്തരാവസ്ഥയ്‌ക്കെതിരെ മാഗസിനില്‍ എഴുതി. പിന്നീട് അറസ്റ്റിലേക്ക് വരെ കാര്യങ്ങള്‍ നീങ്ങി. എസ്എസ്എല്‍സി വിദ്യാര്‍ഥിയായ അഹമ്മദിന് ആ വര്‍ഷം പരീക്ഷയെഴുതാന്‍ സാധിച്ചില്ല. പിന്നീട് തലശേരി ബ്രണ്ണന്‍ സ്‌കൂളിലാണ് അഹമ്മദ് എസ്എസ്എല്‍സി പരീക്ഷയെഴുതി ജയിച്ചത്.