മെമ്മറി കാര്‍ഡ് തൊണ്ടിമുതലോ ?, കേസിന്റെ രേഖയോ ?; സര്‍ക്കാരിനോട് നിലപാട് തേടി സുപ്രീംകോടതി
വ്യാഴം, 2 മെയ് 2019 (18:08 IST)
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ മുഖ്യ തെളിവായ മെമ്മറി കാര്‍ഡിന്‍റെ പകര്‍പ്പ് ആവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാട് തേടി സുപ്രീംകോടതി. ദിലീപ് നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
മെമ്മറി കാര്‍ഡ് കേസിന്റെ ഭാഗമായ രേഖയാണോ അതോ തൊണ്ടിമുതലാണോ എന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കണമെന്നാണ് സുപ്രീംകോടതി ആവശ്യപ്പെട്ടത്. ഈ കാര്യത്തില്‍ സർക്കാർ നാളെ വ്യക്തമായ മറുപടി നല്‍കണമെന്ന് കോടതി വ്യക്തമാക്കി.
മെമ്മറി കാര്‍ഡ് കേസിന്റെ ഭാഗമായ രേഖയാണെങ്കില്‍ ദിലീപിന് കൈമാറണമോ എന്ന കാര്യത്തില്‍ വിചാരണകോടതിക്ക് തീരുമാനിക്കാം. അങ്ങനെയാണെങ്കില്‍ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങളുടെ പകര്‍പ്പ് കൈമാറുന്നത് സംബന്ധിച്ചുള്ള മാനദണ്ഡങ്ങള്‍ ജില്ലാ ജഡ്ജിക്ക് തീരുമാനിക്കാം. അതേസമയം, മെമ്മറി കാര്‍ഡ് കേസിലെ തൊണ്ടിമുതലാണെങ്കില്‍ ദൃശ്യങ്ങള്‍ വിചാരണയ്ക്ക് ഉപയോഗിക്കാന്‍ കഴിയില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
കേസിലെ എല്ലാ രേഖകളും ലഭിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നും ദിലീപിന്‍റെ ഹർജിയിൽ പറയുന്നു. മുൻ അറ്റോർണി ജനറൽ മുകുൾ റോത്തഗിയുടെ ജൂനിയർ രഞ്ജീത റോത്തഗി ആണ് ദിലീപിനായി ഹർജി ഫയൽ ചെയ്‌തത്.