നടിയെ ആക്രമിച്ച സംഭവം: പ്രതികള്‍ക്ക് ‘പള്‍സറും’ ഒളിത്താവളവുമൊരുക്കിയയാള് റിമാൻഡിൽ
ചൊവ്വ, 28 ഫെബ്രുവരി 2017 (13:59 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്ത കേസിലെ അന്വേഷണം അവസാനഘട്ടത്തിലേക്ക്. പിടിയിലായ മുഖ്യപ്രതി പള്‍സര്‍ സുനിയടക്കമുള്ളവരെ കസ്റ്റഡിയിൽ വാങ്ങിയ പൊലിസ് തെളിവെടുപ്പ് പൂർത്തിയാക്കുന്നതിനിടയില് കേസിലെ മറ്റൊരു പ്രതിയെകൂടി കോടതി റിമാൻഡ് ചെയ്തു.
സംഭവത്തിലെ മുഖ്യപ്രതിയായ പൾസർ സുനി, കൂട്ടുപ്രതി വിജേഷ് എന്നിവർക്ക് രണ്ടു ദിവസം ഒളിവിൽ
കഴിയുന്നതിന് സൌകര്യമൊരുക്കിക്കൊടുത്ത കോയമ്പത്തൂരിൽ വാടകയ്ക്ക് താമസിക്കുന്ന കണ്ണൂർ ഇരിട്ടി സ്വദേശിയായ ചാർളി തോമസിനെയാണ് കഴിഞ്ഞ ദിവസം രാത്രി ആലുവ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് രണ്ടാം നമ്പർ കോടതിയിലെ മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.
അഭിഭാഷകർ പറഞ്ഞതുപ്രകാരം മൊഴി നൽകി കോടതിയിൽ കീഴടങ്ങാനായാണ് ചാര്‍ലി കൊച്ചിയിൽ എത്തിയത്. തുടര്‍ന്ന് ഒരു ടിവി ചാനലിന് അഭിമുഖം നൽകുന്നതിനിടയിലാണ് പനങ്ങാട് പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് അന്വേഷണ സംഘത്തിന് കൈമാറിയ ഇയാളെ ആലുവ പോലീസ്
ക്ലബിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതികളാണ് സുനിയും വിജേഷുമെന്ന് തനിക്ക് അറിയില്ലയിരുന്നുവെന്നാണ് ചാർളി നല്കിയ മൊഴി. എന്നാൽ ഇരുവര്‍ക്കും രണ്ടു ദിവസം താമസിക്കുന്നതിനും മറ്റുമായുള്ള സൗകര്യങ്ങൾ
ഒരുക്കിക്കൊടുക്കുകയും കേരളത്തിലേക്ക് പോകുന്നതിനായി സുഹൃത്തിന്റെ പൾസർ ബൈക്ക് തരപ്പെടുത്തി കൊടുക്കുകയും ചെയ്തത് ചാർളിയാണെന്ന് പൊലീസ് കണ്ടെടുത്തിരുന്നു.