സരിതയുടെ പരാതി: അബ്ദുള്ളക്കുട്ടി ഡിസിസി പ്രസിഡന്റിന് വിശദീകരണം നല്‍കി

വ്യാഴം, 22 മെയ് 2014 (16:41 IST)
സരിതയുടെ പരാതിയെ തുടര്‍ന്ന് മണ്ഡലത്തില്‍ നിന്ന് അപ്രത്യക്ഷനായ എപി അബ്ദുള്ളക്കുട്ടി എംഎല്‍എ കണ്ണൂര്‍ ഡിസിസി പ്രസിഡന്റിന് വിശദീകരണം നല്‍കി. ഡിസിസി ഓഫീസില്‍ നേരിട്ടെത്തണമെന്ന നിര്‍ദേശം പാലിക്കാതിരുന്ന അബ്ദുള്ളക്കുട്ടിയെ ഡിസിസി പ്രസിഡന്റ് ഗസ്റ്റ് ഹൗസിലെത്തി കാണുകയായിരുന്നു. മുക്കാല്‍ മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയില്‍ സരിതയുടെ മൊഴി സംബന്ധിച്ച വിഷയങ്ങളാണ് ചര്‍ച്ചയായത്.
 
മൊഴിയുടെ അടിസ്ഥാനത്തില്‍ അബ്ദുള്ളക്കുട്ടിക്കെതിരെ കേസെടുത്താല്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. മണ്ഡലത്തില്‍ സജീവമാകാത്തത് സരിത വിഷയത്തില്‍ പ്രതിഷേധങ്ങളുണ്ടാകാനുള്ള സാധ്യത ഉള്ളതുകൊണ്ടാണെന്ന് അബ്ദുള്ളക്കുട്ടി ഡിസിസി പ്രസിഡന്റിനെ അറിയിച്ചു. സരിതയുടെ മൊഴി എന്താണെന്ന് അറിഞ്ഞ ശേഷം അബ്ദുള്ളക്കുട്ടിയുടെ രാജി സംബന്ധിച്ച് പ്രതികരിക്കാമെന്ന് കൂടിക്കാഴ്ചക്ക് ശേഷം ഡിസിസി പ്രസിഡന്റ് കെ സുരേന്ദ്രന്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക