CBI അന്വേഷിച്ചാല്‍ ഒരുസത്യവും പുറത്തുവരില്ല!

ശനി, 31 മാര്‍ച്ച് 2012 (10:52 IST)
PRO
PRO
‘സിബി‌ഐ ഡയറിക്കുറിപ്പ്’ പോലുള്ള സിനിമകളില്‍ സി‌ബി‌ഐ സത്യം തെളിയിക്കുമെങ്കിലും ശരിക്കുള്ള സി‌ബി‌ഐയില്‍ അണ്ണാ ഹസാരെ സംഘാംഗമായ പ്രശാന്ത് ഭൂഷണ് വിശ്വാസമില്ല. കരസേന മേധാവി വികെ സിംഗിന് ടെട്ര ട്രക്ക് ഇടപാടില്‍ കോഴ വാഗ്ദാനം ചെയ്ത കേസ് സി‌ബി‌ഐക്ക് വിട്ടുകൊടുത്തിട്ടുണ്ട് എങ്കിലും ഒരു സത്യവും പുറത്ത് വരില്ലെന്ന് പ്രശാന്ത് ഭൂഷണ്‍ തിരുവനന്തപുരത്ത് പറഞ്ഞു. ആണവനിലയത്തിനെതിരായ സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് കൂടംകുളം സന്ദര്‍ശിക്കാന്‍ വി.എസ്സിനെ ക്ഷണിക്കാനാണ് പ്രശാന്ത് ഭൂഷണ്‍ എത്തിയത്.

“ടെട്ര ട്രക്ക് ഇടപാടില്‍ സി.ബി.ഐ അന്വേഷണം പര്യാപ്തമല്ല. സിബി‌ഐ അന്വേഷിച്ചാല്‍ സത്യം പുറത്ത് വരികയുമില്ല. കാരണം, സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്‌ സിബിഐ. ലോക്പാല്‍ പോലുള്ള സ്വതന്ത്ര ഏജന്‍സികള്‍ അന്വേഷിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ സത്യം പുറത്തുവരൂ” - പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

കൂടംകുളം സമരസമിതി പ്രവര്‍ത്തകര്‍ വി.എസ്സിനെ വെള്ളിയാഴ്ച സന്ദര്‍ശിച്ചിരുന്നു. അവരുടെ സമരം ശരിയാണെന്ന് തോന്നിയതിനാലും ഗാന്ധിയന്‍ മാതൃകയില്‍ അവര്‍ നടത്തുന്ന സമരം സര്‍ക്കാര്‍ തടയുന്നത് ശരിയല്ലെന്നും തോന്നിയതിനാലുമാണ് കൂടംകുളം സന്ദര്‍ശിക്കുന്നതെന്ന് വി.എസ് വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍, കൂടംകുളം ആണവനിലയത്തിനെതിരേ പ്രദേശവാസികള്‍ നടത്തുന്ന സമരത്തില്‍ വിഎസ്‌ പങ്കെടുക്കുമെന്ന് പ്രശാന്ത് ഭൂഷണും വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക