90 വയസുള്ള അമ്മയെ കാറിനുള്ളില്‍ പൂട്ടിയിട്ട് മകന്‍ സിനിമയ്ക്ക് പോയി!
തിങ്കള്‍, 28 ജനുവരി 2013 (14:54 IST)
PRO
PRO
90 വയസുള്ള അമ്മയെ കാറിനുള്ളില്‍ പൂട്ടിയിട്ട് മകന്‍ സിനിമയ്ക്ക് പോയി. കോഴിക്കോട് അപ്‌സര തിയേറ്ററില്‍ സിനിമ കാണാനെത്തിയ മകനും കുടുംബവും രോഗിയായ അമ്മയെ പൊരിവെയിലത്ത് നിര്‍ത്തിയിട്ട കാറില്‍ രണ്ടരമണിക്കൂറാണ് പൂട്ടിയിട്ടത്. കാറിനുള്ളിലെ ചൂടുമൂലം ദാഹിച്ചുവലഞ്ഞ അമ്മയ്ക്ക് ഒരു തുള്ളിവെള്ളം പോലും ലഭിച്ചില്ല. ഉച്ചയ്ക്ക് 12.15-ന്റെ പ്രദര്‍ശനത്തിനാണ് മകനും ഭാര്യയും അവരുടെ രണ്ടുമക്കളും അമ്മയ്‌ക്കൊപ്പം തിയേറ്ററിലെത്തിയത്.
പാര്‍ക്കിംഗ് ഏരിയയില്‍ കാര്‍ പൂട്ടിയിട്ടുപോകുമ്പോള്‍ കാറിനുള്ളില്‍ അമ്മയുണ്ട് ശ്രദ്ധിക്കണമെന്ന് സെക്യൂരിറ്റി ജീവനക്കാരോട് നിര്‍ദേശിച്ചു. കാറിന്റെ ചില്ലുകള്‍ വായുകയറാന്‍ ചെറുതായി താഴ്ത്തിവയ്ക്കുകയും ചെയ്തു. എന്നാല്‍ അല്‍പ്പസമയം കഴിഞ്ഞ് സെക്യൂരിറ്റി ജീവനക്കാരന്‍ കാറിനരികിലെത്തുമ്പോള്‍ അമ്മ പിന്‍സീറ്റില്‍ അവശയായി കിടക്കുന്നതാണ് കണ്ടത്.
വെള്ളം വേണമെന്ന് ആംഗ്യം കാട്ടി ആവശ്യപ്പെട്ടെങ്കിലും കാറിന്റെ ചില്ലുകള്‍ ആവശ്യത്തിന് താഴ്ത്താനാവാഞ്ഞതിനാല്‍ വെള്ളം കൊടുക്കാന്‍ കഴിഞ്ഞില്ല. വിരലുപോലും കടത്താനാവാത്തവിധം കുറച്ചാണ് കാറിന്റെ ചില്ലുകള്‍ താഴ്ത്തിവെച്ചിരുന്നത്.
വെയിലത്ത് നിര്‍ത്തിയിട്ടതിനാല്‍, കാറിനുള്ളില്‍ ചൂടുമുണ്ടായിരുന്നു. പ്രായമായ അമ്മയുടെ കഷ്ടപ്പാട് കണ്ട തിയേറ്ററിലെ ജീവനക്കാര്‍ അവരുടെ കൈയിലുണ്ടായിരുന്ന ബെഡ്ഷീറ്റ് കൊണ്ട് കാര്‍ പകുതി മൂടിയിട്ടു.
സിനിമ കഴിഞ്ഞ് 2.40ന് തിയേറ്ററിന് പുറത്തെത്തിയ മക്കളോട് അമ്മയെ പൂട്ടിയിട്ടതിനെപ്പറ്റി തിരക്കിയപ്പോള്‍ അമ്മയ്ക്ക് അസുഖമാണെന്നും അതിനാല്‍ വീട്ടില്‍ ഒറ്റയ്ക്ക് നിര്‍ത്താന്‍ സാധിക്കില്ലെന്നുമായിരുന്നു മറുപടി. തിയേറ്റര്‍ ജീവനക്കാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ എത്തുമ്പോഴേക്കും മക്കള്‍ അമ്മയുമായി സ്ഥലം വിട്ടു