ഓണക്കാലത്ത് കേരളം കുടിച്ച് തീര്‍ത്തത് 500 കോടിയുടെ മദ്യം !

ചൊവ്വ, 20 സെപ്‌റ്റംബര്‍ 2016 (15:57 IST)
മദ്യത്തിന്റെ സ്വന്തം നാടായി കേരളം മാറിയിട്ട് നാളുകളേറെയായി. മൂന്നരക്കോടിയിലധികം ജനങ്ങളുള്ള ഈ കൊച്ചു കേരളത്തില്‍ ഒരു കോടിയോളം പേരും ഒന്നാംതരം കുടിയന്മാരാണ്. പ്രതിവര്‍ഷം പതിനായിരം കോടിയിലധികം രൂപയുടെ മദ്യമാണ് മലയാളികള്‍ കുടിച്ചു തീര്‍ക്കുന്നത്. ആളോഹരി മദ്യ ഉപയോഗത്തില്‍ ലോകത്തുതന്നെ ഒന്നാം സ്ഥാനത്തെത്താനുള്ള കുതിപ്പിലാണ് ‘ദൈവത്തിന്റെ സ്വന്തം നാടായ കേരളം’.
 
മലയാളികള്‍ കുടിച്ചു തീര്‍ക്കുന്ന മദ്യത്തിന്റെ അളവ് ഓരോ വര്‍ഷവും വര്‍ധിച്ചു വരികയാണ്. സംസ്ഥാന ബീവറേജസ് കോപ്പറേഷന്റെ വാര്‍ഷിക വിറ്റുവരവ് കണക്കുകള്‍ ഇതാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ മദ്യം ഉല്‍പാദിപ്പിക്കുന്നവരും പ്രത്യേക പരിഗണനതന്നെയാണ് കേരളത്തിന് നല്‍കുന്നത്. പലതരത്തിലുള്ള സമ്മാനങ്ങളും ഉത്സവകാല ഇളവുകളുമൊക്കെയായിട്ടാണ് മലയാളികളായ കുടിയന്മാരെ മദ്യകമ്പനികള്‍ സന്തോഷിപ്പിക്കുന്നത്.   
 
മലയാളിടെ ഇഷ്ട മദ്യമാണ് റം. ഏറ്റവും കൂടുതല്‍ ആല്‍ക്കഹോള്‍ അടങ്ങിയതും തലച്ചോറിനെ ഏറ്റവും അധികം ബാധിക്കുന്നതുമായ ഒന്നാണ് ഇത്. വര്‍ഷങ്ങളായി മലയാളികള്‍ ഏറ്റവുമധികം കുടിക്കുന്നതും റമ്മാണ്. റം കഴിഞ്ഞാല്‍ ബ്രാണ്ടിക്കാണ് കേരളത്തില്‍ ആവശ്യക്കാര്‍ കൂടുതലുള്ളത്. ജിന്‍, വൈന്‍, വോഡ്കാ, വിസ്‌കി തുടങ്ങിയവയെല്ലാം വളരെ കുറഞ്ഞ അളവില്‍ മാത്രമേ മലയാളികള്‍ ഉപയോഗിക്കുന്നുള്ളൂ. എന്നാല്‍ ബാറുകളിലും ക്ലബുകളിലുമെല്ലാം റമ്മിനേക്കാള്‍ കൂടുതല്‍ ചെലവാകുന്നത് ബ്രാണ്ടിയാണ്. റം വില്‍ക്കുന്നതിന്റെ 70- 80 ശതമാനത്തോളം ബിയറും വിറ്റുപോകുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
 
ഇക്കഴിഞ്ഞ ഓണക്കാലത്ത് സംസ്ഥാനത്തെ മദ്യ വില്‍പനയിലൂടെയുള്ള വരുമാനത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 16 ശതമാനം വര്‍ധനവാണ് ഇത്തവണ ഉണ്ടായത്. അത്തം മുതല്‍ ഉത്രാടം വരെയുള്ള ദിവസങ്ങളില്‍ 409.55 കോടി രൂപയുടെ മദ്യം വിറ്റതായാണ് ബിവറേജസ് കോര്‍പ്പറേഷന്‍ റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം 353.08 കോടി രൂപയുടെ മദ്യമാണ് ഇക്കാലയളവില്‍ വിറ്റിരുന്നത്. ഈ മാസം ഒന്നു മുതല്‍ ഉത്രാടദിനം വരെ 532 കോടി രൂപയുടെ മദ്യവും വിറ്റു. ഉത്രാടദിനം മാത്രം 58.01 കോടി രൂപയുടെ മദ്യമാണ് വിറ്റത്. അതേസമയം, മദ്യത്തിനു വിലകൂടിയതിനാലാണു തുകയിലും വർധനവുണ്ടായതെന്നാണ് ബവ്റിജസ് കോർപ്പറേഷൻ അധികൃതര്‍ പറയുന്നത്.

വെബ്ദുനിയ വായിക്കുക