തിരുവനന്തപുരത്തു തിരയിൽ പെട്ട് രണ്ടു പേർ മുങ്ങിമരിച്ചു

ശനി, 15 ഏപ്രില്‍ 2023 (13:40 IST)
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ അഴിമലയ്ക്കടുത്ത് രണ്ടു പേർ തിരയിൽ പെട്ട് കടലിൽ മുങ്ങിമരിച്ചു. തഞ്ചാവൂർ സ്വദേശി രാജാത്തി (45), ബന്ധു സായ് ഗോപിക (9) എന്നിവരാണ് മുങ്ങിമരിച്ചത്.
 
ഇന്ന് രാവിലെയാണ് ആഴിമലയ്ക്കടുത്തുള്ള കരിക്കാത്തി ബീച്ചിനോട് ചേർന്ന് നടക്കുന്നതിനിടെയാണ് ഇരുവരും തിരയിൽ പെട്ടതും മുങ്ങിമരിച്ചതും. വിഴിഞ്ഞം, കോവളം തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങൾ നോക്കാനായി തഞ്ചാവൂരിൽ നിന്ന് വന്ന സംഘത്തിൽ പെട്ടവരാണ് അപകടത്തിൽ പെട്ടത്. രണ്ടു മൂന്നു കുടുംബങ്ങൾ അടങ്ങിയ ബന്ധുക്കളുടെ സംഘമായിരുന്നു ഇത്. മരിച്ച രാജാത്തി തഞ്ചാവൂരിൽ ഡോക്ടറും കുട്ടി ഇവരുടെ ബന്ധുവുമാണ്.
 
രാവിലെ ബീച്ചിൽ തീരത്തോട് ചേർന്ന് നടക്കാനിറങ്ങവേയായിരുന്നു ശക്തമായ തിരയിൽ പെട്ടത്. ഇരുവരും മുങ്ങിത്താഴുന്ന കണ്ട് കൂടെയുണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നീട് ലൈഫ് ഗാർഡ് ഉൾപ്പെടെയുള്ളവർ എത്തിയാണ് ഇരുവരെയും കരയ്‌ക്കെത്തിച്ചത്. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.    
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍