16 വയസ്സിലെ വിവാഹം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ ബാധിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി; അബ്ദുറബിന് വനിതകളുടെ കൂക്കിവിളി

ചൊവ്വ, 24 സെപ്‌റ്റംബര്‍ 2013 (19:45 IST)
PRO
PRO
16 വയസ്സിലെ വിവാഹം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ ബാധിക്കില്ലെന്ന് മന്ത്രി പി കെ അബ്ദുറബ്. 40 വയസ്സുകാരും വിദ്യ അഭ്യസിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹപ്രായം സംബന്ധിച്ച് സിപിഎമ്മിനും ബിജെപിക്കും ഒരേ അഭിപ്രായമാണെന്ന് ഇ ടി മുഹമ്മദ് ബഷീറും പ്രതികരിച്ചു. ഇക്കാര്യത്തില്‍ തല്‍ക്കാലം ലീഗ് ചര്‍ച്ചയ്ക്ക് ഇല്ല. സാമുദായിക ധ്രുവീകരണത്തിന് ലീഗ് ശ്രമിക്കുന്നില്ലെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

ഇതിനിടെ വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബിന് എറണാകുളം മഹാരാജാസ് കോളേജില്‍ കൂക്കിവിളി ഉണ്ടായി. എസ്എഫ്‌ഐയുടെ വനിതാ പ്രവര്‍ത്തകരാണ് കൂവിയത്. വിവാഹ പ്രായം കുറക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് കൂക്കി വിളി.

വിവാഹപ്രായ വിവാദത്തില്‍ മുസ്ലീം ലിഗീനെതിരെ സിപിഎം രംഗത്തെത്തിയിരുന്നു. വിവാഹ പ്രായ വിവാദമുയര്‍ത്തുന്ന മതസംഘടനകള്‍ക്കുപിന്നില്‍ മുസ്ലീം ലീഗാണെന്ന് വിഎസ് അച്യുതാനന്ദന്‍ കുറ്റപ്പെടുത്തി. വിവാഹപ്രായം കുറക്കാന്‍ സര്‍ക്കാര്‍ കൂട്ടുനിന്നാല്‍ കാടത്തമാണെന്നും വി എസ് പറഞ്ഞു. സാമുദായിക ധ്രൂവീകരണത്തിന് മുസ്ലീം ലീഗ് ശ്രമിക്കുകയാണെന്ന് പിണറായി വിജയനും ആരോപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിവാഹ പ്രായം കുറക്കണമെന്ന ആവശ്യത്തെ ന്യായീകരിച്ച് ലീഗ് നേതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്.

വിവാഹപ്രായം സംബന്ധിച്ച പ്രായപരിധി മുസ്ലിം പെണ്‍കുട്ടികള്‍ക്ക് ബാധകമാക്കരുതെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിക്കാന്‍ മുസ്ലിം സംഘടനകള്‍ തീരുമാനിച്ചിരുന്നു. 18 വയസ്സ് എന്ന പ്രായപരിധി എടുത്തുകളയണമെന്നാണ് ഇവരുടെ ആവശ്യം.

വെബ്ദുനിയ വായിക്കുക