‘വി എസ് നയിക്കുമെന്ന് കാരാട്ട് പറഞ്ഞതായറിയില്ല’

വ്യാഴം, 31 മാര്‍ച്ച് 2011 (13:28 IST)
PRO
PRO
തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിയെ വി എസ് അച്യുതാനന്ദന്‍ നയിക്കുമെന്ന് പ്രകാശ കാരാട്ട് പറഞ്ഞതായറിയില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. പ്രചാരണത്തിന്റെ നേതൃത്വം എല്ലാവര്‍ക്കുമാണെന്നും അദ്ദേഹം പറഞ്ഞു. പ്രചാരണത്തിന്റെ നേതൃത്വം ഒരാളില്‍ മാത്രം ഒതുക്കാനാവില്ല. തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് കൌണ്ട് ഡൌണ്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം തീരുമാനിക്കുമെന്നും പിണറായി പറഞ്ഞു. പ്രചാരണത്തില്‍ ഇപ്പോള്‍ തന്നെ എല്‍ എല്‍ ഡി എഫ് ഏറെ മുന്നിലാണ്.

എസ് എന്‍ സി ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട് പിണറായി സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളിയ സംഭവം തെരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ പ്രോസിക്യൂഷന് അനുമതി നല്കിയ ഗവര്‍ണറുടെ നടപടിക്കെതിരെയായിരുന്നു പിണറായി വിജയന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍ സുപ്രീംകോടതിയുടെ നിലപാട് ആശ്ചര്യപ്പെടുത്തുന്നതായി അദ്ദേഹം പറഞ്ഞു.

ഏഷ്യാനെറ്റ് ബ്യൂറോ ചീഫ് ഷാജഹാനെ സി പി എം നേതാവ് പി ജയരാജന്‍ കണ്ണൂരില്‍ കയ്യേറ്റം ചെയ്തു എന്ന കേസ് കെട്ടിച്ചമച്ചതാണെന്ന് പിണറായി പറഞ്ഞു. ഷാജഹാനോട് കയര്‍ത്തവരെ അനുനയിപ്പിക്കാനാണ് പി ജയരാജന്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

നായനാരുടെ മകന് സീറ്റ് നല്‍കണമെന്ന് ശാരദ ടീച്ചര്‍ ആവശ്യപ്പെട്ടതിനെക്കുറിച്ചുള്ള ചോദ്യത്തിന് ടീച്ചറെ കുഴപ്പത്തിലാക്കാന്‍ ശ്രമിക്കേണ്ട എന്ന് പിണറായി മറുപടി നല്‍കി.

തന്നെ അവഗണിച്ചു എന്ന സിന്ധു ജോയിയുടെ ആരോപണം ശരിയല്ല. എസ് എഫ് ഐയുടെ സംസ്ഥാന പ്രസിഡന്റായിരുന്ന അവര്‍ മുമ്പ് രണ്ട് തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിരുന്നു. എല്ലാ തിരഞ്ഞെടുപ്പിലും മത്സരിക്കണമെന്ന് അവര്‍ ആഗ്രഹിച്ചിരുന്നോ എന്നറിയില്ല എന്നും പിണറായി പറഞ്ഞു.

വെബ്ദുനിയ വായിക്കുക