‘വിഴിഞ്ഞം അദാനിക്ക് നല്കിയതിനു പിന്നില്‍ 300 കോടിയുടെ അഴിമതി’

വ്യാഴം, 7 മെയ് 2015 (11:58 IST)
വിഴിഞ്ഞം തുറമുഖത്തിന്റെ ടെണ്ടറിന് പിന്നില്‍ നടന്നത് 300 കോടി രൂപയുടെ അഴിമതി ആണെന്ന് കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍ ബാലകൃഷ്‌ണ പിള്ള. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നില്‍ എല്‍ ഡി എഫ് നടത്തുന്ന ധര്‍ണയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം തുറമുഖത്തിന് വേണ്ടി 300 കോടി രൂപയാണ് അച്ചാരം വാങ്ങി കഴിഞ്ഞിരിക്കുന്നത്. ഡല്‍ഹിയില്‍ കെ വി തോമസിന്റെ വീട്ടില്‍ വെച്ച് ബാബുവും ഉമ്മന്‍ ചാണ്ടിയും  തോമസും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് പോര്‍ട്ട് അദാനിക്ക് വില്‍ക്കാന്‍ തീരുമാനിച്ചതെന്നും ബാലകൃഷ്‌ണ പിള്ള പറഞ്ഞു.
 
കേരളത്തില്‍ നടക്കുന്നത് തീവെട്ടിക്കൊള്ളയാണ്. അഴിമതിയില്‍ മാത്രമാണ് സര്‍ക്കാരിന് താത്പര്യം. സര്‍ക്കാരിന്റെ ധര്‍മം കേരളത്തിലെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നിറവേറ്റുന്നില്ല. അനീതിയാണ് ഇവിടെ നടക്കുന്നത്. നാണമുണ്ടെങ്കില്‍ സര്‍ക്കാര്‍ ഇറങ്ങി പോകട്ടെ. ഇപ്പോള്‍ വീരേന്ദ്രകുമാറിന്റെ പിറകെ നടക്കുകയാണ്. ഉമ്മന്‍ ചാണ്ടിക്ക് ആകെ സ്നേഹം മുഖ്യമന്ത്രി കസേരയോട് മാത്രമാണെന്നും പിള്ള പറഞ്ഞു.
 
അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിക്ക് പ്രതിപക്ഷ നേതൃസ്ഥാനം പോലും ലഭിക്കില്ല. ഉമ്മന്‍ ചാണ്ടിയേക്കാള്‍ കൂടുതല്‍ സീറ്റ് കുഞ്ഞാലിക്കുട്ടിക്ക് കിട്ടിയാല്‍ അത്ഭുതപ്പെടാന്‍ സാധ്യതയില്ലെന്നും പിള്ള പറഞ്ഞു. സംസ്ഥാനത്തെ മന്ത്രിമാര്‍ക്ക് അഴിമതിയില്‍ പി എച്ച് ഡി നല്കണം. 
 
നിസാം കേസ് ഒതുക്കാന്‍ രണ്ടു മന്ത്രിമാര്‍ അഞ്ചു കോടി രൂപ വാങ്ങിയെന്നും ബാലകൃഷ്‌ണ പിള്ള ആരോപിച്ചു. നഴ്സിംഗ് തട്ടിപ്പ് നടത്തിയ ഉതുപ്പിനെ സംരക്ഷിക്കുന്നത് ഉമ്മന്‍ ചാണ്ടിയാണ്. സംസ്ഥാനം ഇത്രയും മോശപ്പെട്ട ഒരു ഭരണം കണ്ടിട്ടില്ല. സഹികെട്ടാണ് യു ഡി എഫില്‍ നിന്ന് പുറത്തേക്ക് വന്നത്. കഴിഞ്ഞ 32 കൊല്ലം എല്ലാം സഹിച്ച് നിന്നു. ഇപ്പോള്‍ യു ഡി എഫില്‍ അത് ഉണ്ടാക്കിയവര്‍ ആരുമില്ല. കാശ് മേടിക്കാന്‍ കയറിവന്നവരാണ് എല്ലാവരും. പി എമാരെ കൊണ്ടുവരെയാണ് മന്ത്രിമാര്‍ കോഴ വാങ്ങിപ്പിക്കുന്നത്. മീനൊഴികെ എല്ലാവരില്‍ നിന്നും ബാബു കോഴവാങ്ങിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക