പുരസ്കാരങ്ങള്‍ ആരുടെയും മൗലികാവകാശമല്ലെന്ന് സുപ്രീംകോടതി. മലയാളി ട്രിപ്പിള്‍ ജംപ് താരം രഞ്ജിത് മഹേശ്വരിക്ക് അര്‍ജുന അവാര്‍ഡ് നിഷേധിച്ചതില്‍ ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കി. നാളെ ഭാരതരത്‌നയ്ക്കായി ആരെങ്കിലും വാശി പിടിച്ചാല്‍ എന്ത് ചെയ്യുമെന്നും കോടതി ചോദിച്ചു. കഴിഞ്ഞ വര്‍ഷം രഞ്ജിത്തിന് പുരസ്‌കാരം നിഷേധിച്ചതിനെ ചോദ്യം ചെയ്ത് നവലോകം സാംസ്കാരിക സംഘടന സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നിരീക്ഷണം.
രഞ്ജിത് മഹേശ്വരിയുടെ അര്‍ജ്ജുന അവാര്‍ഡ് നിഷേധത്തില്‍ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇത്തരം കാര്യങ്ങളിലേക്ക് കോടതിയെ വലിച്ചിഴയ്ക്കരുത്. ഏത് നിയമ പ്രകാരമാണ് കോടതി ഇതില്‍ ഇടപെടേണ്ടെതെന്നും കോടതി ചോദിച്ചു. അതേസമയം രഞ്ജിത്ത് മഹേശ്വരിക്ക് അര്‍ജുന പുരസ്‌കാരം നിഷേധിച്ചതിന് കൃത്യമായ കാരണം നിരത്താനാകാതെയാണ് സുപ്രീംകോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്.
2008ല്‍ രഞ്ജിത് മഹേശ്വരിയെ ഉത്തേജക പരിശോധന നടത്തിയ നാഷണല്‍ ഡോപിംഗ് ടെസ്റ്റ് ലബോറട്ടറിക്ക് ഡബ്യുഎഡിഎ അംഗീകാരം ലഭിച്ചിരുന്നില്ല. പിന്നീടാണ് ലബോറട്ടറിക്ക് അംഗീകാരം കിട്ടിയത്. ഈ പരിശോധനാ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് രഞ്ജിത്തിനെ മൂന്ന് മാസത്തേക്ക് വിലക്കിയിരുന്നു. എന്നാല്‍ രഞ്ജിത്ത് ഈ വിലക്ക് ചോദ്യം ചെയ്തില്ലെന്ന സാങ്കേതിക വിഷയമാണ് പുരസ്‌കാരം നിഷേധിച്ചതിന് കാരണമായി കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്നത്.