‘പീതാംബരക്കുറുപ്പ് അരയില്‍ പിടിച്ചാണ് വേദിയിലേക്ക് കൊണ്ടുപോയത്’- ശ്വേതാ മേനോന്റെ മൊഴി പുറത്ത്
ചൊവ്വ, 5 നവംബര്‍ 2013 (16:37 IST)
PRO
PRO
എന്‍ പീതാംബരക്കുറുപ്പ് എംപിക്കെതിരായ നടി ശ്വേത മേനോന്റെ മൊഴിപ്പകര്‍പ്പ് പുറത്ത്. അരയില്‍ പിടിച്ചാണ് വേദിയിലേക്ക് കൊണ്ടുപോയത്. പ്രസംഗിക്കാന്‍ എഴുന്നേല്‍ക്കുംവരെ ശരീരത്തില്‍ സ്പര്‍ശിച്ചുകൊണ്ടിരുന്നു. കൊല്ലത്തെ വള്ളംകളി മത്സര വേദിയില്‍ വെച്ച് അനുവാദമില്ലാതെ പീതാംബരക്കുറുപ്പ് തന്റെ ശരീരത്തില്‍ പലതവണ സ്പര്‍ശിച്ചെന്ന് ശ്വേത മേനോന്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. കൊല്ലം ഈസ്റ്റ് പൊലീസിന് നല്‍കിയ മൊഴിയിലാണ് ഈ പരാമര്‍ശമുള്ളത്.
ഗോള്‍ഡന്‍ ജൂബ ധരിച്ചയാള്‍ പിന്നില്‍ നിന്ന് സ്പര്‍ശിച്ചുകൊണ്ടിരുന്നു. ഇയാള്‍ പിന്നില്‍ ചേര്‍ന്നുനില്‍ക്കുകയും ചെയ്തു. അപമാനിക്കപ്പെട്ടതുകൊണ്ടാണ് നേരത്തെ വേദിവിട്ടതെന്നും ശ്വേത മൊഴി നല്‍കി. ഡിവൈഎഫ്‌ഐ നല്‍കിയ പരാതിപ്രകാരമാണ് കൊല്ലം ഈസ്റ്റ് പോലീസ് ശ്വേതയുടെ മൊഴിയെടുത്തത്. താന്‍ അപമാനിക്കപ്പെട്ടെന്നും പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായും ശ്വേത തന്നെയാണ് പൊതുചടങ്ങിനുശേഷം മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തിയത്. എന്നാല്‍ പിന്നീട് പരാതിയില്‍ നിന്ന് പിന്മാറി. പീതാംബരക്കുറുപ്പ് വ്യക്തിപരമായും പരസ്യമായും ഖേദപ്രകടനം നടത്തിയത് പരിഗണിച്ച് നിയമനടപടികളില്‍ നിന്ന് പിന്മാറുന്നുവെന്നാണ് ശ്വേത അറിയിച്ചത്. തന്റെ ദര്‍ശനമോ സ്പര്‍ശനമോ അരോചകമായി തോന്നിയെങ്കില്‍ പൊറുക്കണമെന്നായിരുന്നു പീതാംബരക്കുറുപ്പിന്റെ ഖേദപ്രകടനം.
എന്നാല്‍ താന്‍ തെറ്റ് ചെയ്തതുകൊണ്ടല്ല മാപ്പ് പറഞ്ഞതെന്നും സംഘാടകന്‍ എന്ന നിലയിലാണ് ക്ഷമ ചോദിച്ചതെന്നും പീതംബരക്കുറുപ്പ് ഇന്നലെ തിരുത്തി. സംഭവത്തില്‍ കൊല്ലം ഡിസിസി ആക്ഷേപകരമായ പരാമര്‍ശങ്ങളാണ് തുടക്കം മുതല്‍ ശ്വേതയ്‌ക്കെതിരെ നടത്തിയത്.