നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ കേരളം ഒരിക്കലും പ്രതീക്ഷിക്കാത്തൊരു അറസ്റ്റ് നടന്നിരിക്കുന്നു. ജനപ്രിയനായകൻ ദിലീപ് അറസ്റ്റിലായിരിക്കുന്നു. ഈ സംഭവത്തില്‍ ആദ്യമേ തന്നെ ആരോപണ വിധേയനായിരുന്നു ദിലീപ്. എന്നിരുന്നാലും ഇത്രയും ‘സ്കോപ്’ ഉള്ള താരം അറസ്റ്റില്‍ ആകുമോ എന്ന സംശയം നിലനിന്നിരുന്നു. എന്തായാലും അത് നടന്നിരിക്കുന്നു. വിശ്വസിക്കാനാകുന്നില്ല സിനിമ ലോകത്തിനും പൊതുജനങ്ങൾക്കും.
സംഭവവുമായി ബന്ധപ്പെട്ട് അമ്മയുടെ എക്സിക്യൂട്ടിവ് യോഗം ചേരുന്നു. അമ്മ ജനറല്‍ സെക്രട്ടറിയും നടനുമായ മമ്മൂട്ടിയുടെ കൊച്ചിയിലെ പനമ്പിളളി നഗറിലെ വീട്ടിലാണ് യോഗം ചേരുന്നത്. ദിലീപിനെതിരെ നടപടികള്‍ സ്വീകരിക്കണമെന്നാണ് അമ്മയുലെ ഭൂരിഭാഗം അംഗങ്ങളുടെയും നിലപാട്. മമ്മൂട്ടി, ഇടവേള ബാബു, കലാഭവന്‍ ഷാജോണ്‍, ആസിഫ് അലി, പ്രഥ്വിരാജ്, രമ്യ നമ്പീശന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. നടന്‍ ദിലീപിനെ അമ്മയില്‍ നിന്നും ഫെഫ്കയില്‍ നിന്നും പുറത്താക്കുമെന്നാണ് വിവരങ്ങള്‍.
സത്യത്തിന്റെ ഒപ്പമേ നില്‍ക്കുകയുള്ളു, കുറ്റം ചെയ്തവര്‍ ശിക്ഷപ്പെടും എന്നായിരുന്നു രമ്യയുടെ പ്രതികരണം. ദിലീപിനെ അമ്മയില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെടും, ഇല്ലെങ്കില്‍ അമ്മയില്‍ നിന്നും പുറത്ത് പോകുമെന്നാണ് ആസിഫ് അലി വ്യക്തമാക്കിയത്. ദിലീപില്‍ നിന്നും ഇത്തരമൊരു സംഭവം പ്രതീക്ഷിച്ചിരുന്നില്ലെന്നും ആസിഫ് അലി പറയുന്നു. ചില കാര്യങ്ങള്‍ യോഗത്തില്‍ ഉന്നയിക്കുമെന്നും അതിനനുസരിച്ചായിരിക്കും തന്റെ നിലപാടെന്നും പ്രഥ്വിരാജും വ്യക്തമാക്കി. ഉറച്ച നിലപാട് തന്നെയാണ് ഇക്കാര്യത്തില്‍ യുവതാരങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്.