‘ചില ബ്യൂറോക്രാറ്റുകള്‍ക്ക് സര്‍ക്കാര്‍ നയം ദഹിക്കുന്നില്ല’

ഞായര്‍, 27 ജൂണ്‍ 2010 (12:21 IST)
PRO
ചില ബ്യൂരോക്രാറ്റുകള്‍ക്ക് സര്‍ക്കാര്‍ നയം ദഹിക്കുന്നില്ലെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍. കൊച്ചിയില്‍ ഒരു പൊതുപരിപാടിയില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊക്കകോളയെ കെട്ടുകെട്ടിച്ചതില്‍ ചില ബ്യൂറോക്രാറ്റുകള്‍ക്ക് വേദനയുണ്ട്. മുന്‍ സര്‍ക്കാരിന്‍റെ നിലപാടുകളാണ് ഇവര്‍ക്ക് തികട്ടി വരുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

വ്യവസായ വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി. ബാലകൃഷ്ണന്റെ കോള അനുകൂല പ്രസ്താവനയ്ക്കുള്ള മറുപടിയായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍. എന്‍ഡോസള്‍ഫാന്‍, അന്തകവിത്ത്‌ തുടങ്ങിയവയുടെ കാര്യത്തിലും ഇവരുടെ താല്പര്യങ്ങള്‍ ഈ രീതിയിലാകാം. എന്നാല്‍ ഇത്തരക്കാരെ കണക്കിലെടുക്കുന്നില്ല. സര്‍ക്കാരിന്‌ ഇക്കാര്യത്തില്‍ വ്യക്തമായ നിലപാടുണ്‌ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 216 കോടി രൂപയുടെ നഷ്ടമാണ് കമ്പനി സര്‍ക്കാരിന് ഉണ്ടാക്കിയിരിക്കുന്നത്.

കുറച്ച് ആളുകള്‍ക്ക് തൊഴില്‍ ലഭിക്കുമെന്ന് കരുതിയാണ് കമ്പനിക്ക് അനുമതി നല്കിയത്. എന്നാല്‍, അവര്‍ ജനങ്ങളെയും സര്‍ക്കാരിനെയും വഞ്ചിച്ചു. ഗുണത്തേക്കാളേറെ കൊക്കകോളയ്ക്ക് ദോഷങ്ങളാണ്. കൊക്കകോള ഒഴിവാക്കാനാവാത്ത പാനീയമാണെന്ന് കരുതുന്നില്ല. ഗുണത്തേക്കാളേറെ ദോഷങ്ങളാണ് ഈ പാനീയത്തിന് ഉള്ളത്. ജനകീയ ഇടപെടല്‍ മൂലവും കോടതിയുടെ ഇടപെടല്‍ മൂലവും ആണ് കമ്പനിയെ ഇവിടുന്ന് കെട്ടു കെട്ടിക്കാന്‍ കഴിഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്ലാച്ചിമടയെ കൊക്കകോള ഊഷരഭൂമിയാക്കി മാറ്റിയത് മാത്രമാണ് കോള ചെയ്ത ഒരേയൊരു ഉപകാരം. എത്രവര്‍ഷം കഴിഞ്ഞാലും അതിന് മാറ്റം വരില്ല.

വെബ്ദുനിയ വായിക്കുക