ഹോമിയോ മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ക്ക് ജൂണ്‍ മാസത്തെ ശമ്പളം ലഭിക്കാത്തതിനാല്‍ ഐരാണിമുട്ടം ഗവണ്മെന്‍റ് ഹോമിയോ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനെ വിദ്യാധിരാജ ഹോമിയോ മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ തടഞ്ഞു വച്ചു. ശമ്പളം ലഭിക്കുന്നതിനുള്ള ബില്ല് പ്രിന്‍സിപ്പല്‍ ഒപ്പുവയ്ക്കാത്തതിനാലാണ് ശമ്പളം ലഭിക്കാത്തതെന്ന് ജീവനക്കാര്‍ ആരോപിച്ചു.
സംസ്ഥാനത്തെ ഹോമിയോ മെഡിക്കല്‍ കോളേജുകളിലെ കണ്‍ട്രോളിംഗ് ഓഫീസര്‍ ഐരാണിമുട്ടം ഗവണ്മെന്‍റ് ഹോമിയോ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ആയതിനാലാണ് മറ്റൊരു ഹോമിയോ മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ തടഞ്ഞുവയ്ക്കാനിടയായത്.
വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെയാണ് പ്രശ്നമാരംഭിച്ചത്. അതേ സമയം താന്‍ ഒപ്പുവയ്ക്കാത്തതിനാലല്ല ശമ്പളം ലഭിക്കാത്തതെന്നും ആരോഗ്യ വകുപ്പ് സെക്രട്ടറി ബില്‍ ഒപ്പിടാത്തതിനാലാണെന്ന് ഗവണ്മെന്‍റ് ഹോമിയോ കോളേജ് പ്രിന്‍സിപ്പല്‍ ഡോ ജിഷ പറഞ്ഞു.
എന്നാല്‍ പ്രിന്‍സിപ്പലിനെ തടഞ്ഞുവച്ച നൂറോളം ജീവനക്കാരെ ഒഴിവാക്കാന്‍ ഒടുവില്‍ ഫോര്‍ട്ട് സിഐ എസ് വൈ സുരേഷ് ഇടപെടേണ്ടി വന്നു. സിഐ വിദ്യാധിരാജ ഹോമിയോ മെഡിക്കല്‍ കോളേജ് പ്രന്‍സിപ്പല്‍ ഡോ രമാദേവിയുമായും ഗവണ്മെന്‍റ് ഹോമിയോ കോളേജ് പ്രിന്‍സിപ്പല്‍ ഡോ ജിഷയുമായും ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ ശമ്പളം ലഭിക്കുമെന്ന ഉറപ്പിനെ തുടര്‍ന്ന് ജീവനക്കാര്‍ പിരിഞ്ഞുപോയി.
രണ്ട് ദിവസം മുമ്പ് സര്‍ക്കാര്‍ വെറ്ററിനറി സര്‍വകലാശാലാ ജീവനക്കാരും ശമ്പളം ലഭിച്ചെല്ലെന്ന കാരണത്താല്‍ സര്‍വകലാശാല വൈസ് ചാന്‍സലറെ തടഞ്ഞുവച്ചിരുന്നു.