സ്മാര്‍ട്ട്‌സിറ്റി: നിര്‍ണ്ണായക ചര്‍ച്ച ഇന്ന്

ബുധന്‍, 9 സെപ്‌റ്റംബര്‍ 2009 (11:27 IST)
സ്മാര്‍ട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട തര്‍ക്കവിഷയങ്ങള്‍ പരിഹരിക്കാനായി സര്‍ക്കാരും ടീകോം പ്രതിനിധികളും ഇന്ന് ചര്‍ച്ച നടത്തും. ചര്‍ച്ച പദ്ധതിക്ക്‌ പുതുജീവനേകാന്‍ വഴിയൊരുക്കുമെന്ന് ടീകോം അധികൃതര്‍ പ്രതീക്ഷ പ്രകടിപ്പിച്ചിട്ടുണ്ട്.

12 ശതമാനം ഭൂമിയിലെ സ്വതന്ത്ര നിര്‍മാണ അധികാരം, കെഎസ്‌ഇബിയുടെ ഭൂമി സംബന്ധിച്ച്‌ നിലനില്‍ക്കുന്ന ആശയക്കുഴപ്പം, നൂറ്‌ ഏക്കര്‍ ഭൂമിയുടെ പ്രത്യേക സാമ്പത്തികമേഖലാ പദവി, പാട്ടക്കരാര്‍ പുതുക്കല്‍ എന്നിവയിലാണ് ഇതുവരെ തീരുമാനമാകാത്തത്. ഇതിനിടയ്ക്ക് പദ്ധതിയുടെ പ്രധാന കണ്‍സള്‍ട്ടന്‍റിനെ ടീകോം പിന്‍‌വലിച്ചിരുന്നു.

ചീഫ്‌ സെക്രട്ടറി നീല ഗംഗാധരന്‍റെ ചേംബറിലാണ്‌ ചര്‍ച്ച നടക്കുക. ഒമ്പതു മാസത്തോളം നീണ്ട ഇടവേളയ്‌ക്കുശേഷമാണ്‌ സര്‍ക്കാരും ടീകോം പ്രതിനിധികളും തമ്മില്‍ ചര്‍ച്ചയ്ക്ക് വേദിയൊരുങ്ങിയിരിക്കുന്നത്.

സ്‌മാര്‍ട്ട്‌സിറ്റി ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ (സി.ഇ.ഒ) ഫരീദ്‌ അബ്ദുള്‍ റഹ്‌മാന്‍, ബിസിനസ്‌ ഡെവലപ്പ്‌മെന്റ്‌ മാനേജര്‍ മിഥുന്‍ ബീരു എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും‌.

വെബ്ദുനിയ വായിക്കുക