സെൻകുമാറിന്റെ നിയമനം; സർക്കാർ വ്യക്തത തേടി വീണ്ടും സുപ്രിംകോടതിയിലേക്ക്

ചൊവ്വ, 2 മെയ് 2017 (07:10 IST)
ടി പി സെൻകുമാർ കേസിൽ സംസ്ഥാന സർക്കാർ വീണ്ടും സുപ്രിംകോടതിയിലേക്ക്. സെൻകുമാറിനെ പൊലീസ് മേധാവിയായി നിയമിക്കണമെന്ന വിധിയിൽ വ്യക്തത തേടിയാണ് സർക്കാർ വീണ്ടും സു‌പ്രിംകോടതിയെ സമീപിക്കുക. 
 
സെന്‍കുമാറിന്റെ നിയമനം ഏതുതരത്തില്‍ വേണമെന്നതിലാണ് സര്‍ക്കാര്‍ വ്യക്തത തേടുന്നത്. ഇതോടെ സെന്‍കുമാറിന്റെ പുനര്‍നിയമനം ഇനിയും വൈകുമെന്ന് ഉറപ്പായി. വിധിയില്‍ വ്യക്തതതേടി സര്‍ക്കാര്‍ നാളെ ഹര്‍ജി നല്‍കിയേക്കും.
 
വിധിവരുന്നതിന് മുമ്പ് ഡിജിപിയായിരുന്ന ലോക്‌നാഥ് ബെഹ്‌റയടക്കമുള്ളവരുടെ കാര്യത്തില്‍ വ്യക്തതവേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടും. ഡിജിപിമാരെ സ്ഥലം മാറ്റിയുള്ള സര്‍ക്കാര്‍ ഉത്തരവ് കോടതി റദ്ദാക്കിയിരുന്നു. സുപ്രിം കോടതി വിധി നടപ്പിലാക്കാത്തതിനെതിരെ സെന്‍കുമാര്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിധിയില്‍ വ്യക്തത തേടി സര്‍ക്കാരും കോടതിയെ സമീപിക്കുന്നത്.

വെബ്ദുനിയ വായിക്കുക