സൂര്യനെല്ലി പെണ്‍കുട്ടി നല്‍കിയ സ്വകാര്യ അന്യായം തള്ളി

ശനി, 2 മാര്‍ച്ച് 2013 (16:53 IST)
PRO
PRO
രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യനെതിരെ സൂര്യനെല്ലി പെണ്‍കുട്ടി നല്‍കിയ സ്വകാര്യ അന്യായം പീരുമേട്‌ മജിസ്ട്രേറ്റ്‌ കോടതി തള്ളി. ഒരിക്കല്‍ പരിഗണിച്ച കേസാണെന്നും വീണ്ടും കേസെടുക്കേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും കോടതി പറഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്ക്‌ 12.50നാണ്‌ പെണ്‍കുട്ടി സ്വകാര്യ അന്യായം ഫയല്‍ ചെയ്‌തത്‌.

നേരത്തെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്‌ത്‌ അന്വേഷണം അവസാനിപ്പിച്ച കേസായതിനാല്‍ സൂര്യനെല്ലി പെണ്‍കുട്ടിയുടെ അഭിഷാകന്റെ വാദം കേള്‍ക്കേണ്ട സാഹചര്യവും നിലനില്‍ക്കുന്നില്ലെന്നു കോടതി അറിയിച്ചു. കേസിലെ മൂന്നാംപ്രതി ധര്‍മരാജന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കുര്യനെതിരെ കേസെടുക്കാന്‍ പൊലീസിനു നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ്‌ പെണ്‍കുട്ടി അന്യായം ഫയല്‍ ചെയ്‌തത്‌.

കുര്യനെതിരെ നേരത്തെ പെണ്‍കുട്ടി ചിങ്ങവനം പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതി സ്വീകരിക്കേണ്ടന്നായിരുന്നു പൊലീസിന് നിയമോപദേശം കിട്ടീത്. ഈ പശ്ചാത്തലത്തിലാണ്‌ പെണ്‍കുട്ടി കുര്യനെതിരെ സ്വകാര്യ അന്യായം ഫയല്‍ ചെയ്‌തത്‌.

തന്നെ പീഡിപ്പിച്ചവരില്‍ കുര്യനും ഉള്‍പ്പെട്ടിട്ടുണ്ടെന്നും കേസെടുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പെണ്‍കുട്ടി പരാതി നല്‍കിയത്. പുതുതായി കേസ്‌ റജിസ്ട്രര്‍ ചെയ്യാനോ പുതുതായി അന്വേഷണം നടത്താനോ നിയമസാധുത ഇല്ലന്നായിരുന്നു പൊലീസിന്റെ മറുപടി. സുപ്രീംകോടതി വരെ തള്ളിയ കേസില്‍ കുര്യനെതിരെ വീണ്ടും പരാതി സ്വീകരിക്കേണ്ട എന്നായിരുന്നു പൊലീസിന്‌ ലഭിച്ച നിയമോപദേശം.

വെബ്ദുനിയ വായിക്കുക