സി പി ഐ തുറന്നടിക്കുന്നു - അരുവിക്കരയില്‍ തോല്‍‌വിക്ക് കാരണം സി പി എമ്മിലെ വിഭാഗീയത, ഇടതുമുന്നണിക്കുള്ളില്‍ കൂടിയാലോചനകളില്ല, വി എസും പിണറായിയും തമ്മിലുള്ള ഐക്യമില്ലായ്മ പ്രകടമായിരുന്നു

ബുധന്‍, 8 ജൂലൈ 2015 (20:20 IST)
അരുവിക്കര തെരഞ്ഞെടുപ്പ് ഫലം ഇടതുമുന്നണിയില്‍ വന്‍ പൊട്ടിത്തെറിക്ക് കാരണമായേക്കുമെന്ന് സൂചന. സി പി എം ഇപ്പോഴും ഏകപക്ഷീയമായി തീരുമാനങ്ങള്‍ കൈക്കൊള്ളുന്നു എന്നാരോപിച്ച് സി പി ഐ രംഗത്ത്. അരുവിക്കരയിലെ തോല്‍‌വിക്ക് കാരണം സി പി എമ്മിലെ വിഭാഗീയതയാണെന്നും സി പി ഐ. 
 
വി എസും പിണറായിയും തമ്മിലുള്ള ഐക്യമില്ലായ്മ അരിവിക്കരയില്‍ പ്രകടമായിരുന്നു എന്നും സി പി ഐ സംസ്ഥാന നിര്‍വാഹകസമിതി യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.
 
സി പി എമ്മിലെ വിഭാഗീയത അരുവിക്കരയില്‍ തോല്‍‌വിക്ക് കാരണമായി. അണികളില്‍ ഈ വികാരമാണ് ഉണ്ടായത്. വി എസ് - പിണറായി പോര് സി പി എമ്മില്‍ ഇപ്പോഴും ഉണ്ടെന്ന തോന്നല്‍ ജനങ്ങളിലുണ്ടായി. വി എസും പിണറായിയും ഒരേ വേദിയില്‍ എത്താത്തത് ഈ സംശയത്തെ ശക്തിപ്പെടുത്താന്‍ കാരണമായി. പ്രചരണവേദിയില്‍ ഇവര്‍ ഒരുമിച്ചുവരണമെന്ന് അണികള്‍ ആഗ്രഹിച്ചിരുന്നു - സി പി ഐ കുറ്റപ്പെടുത്തുന്നു. 
 
വി എസിനെതിരായ പ്രമേയം എതിരാളികള്‍ പ്രചരണായുധമാക്കി. സി പി ഐ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനമാണ് അരുവിക്കരയില്‍ നടത്തിയത്. എന്നാല്‍ ഇപ്പോഴും ഇടതുമുന്നണിക്കുള്ളില്‍ കൂടിയാലോചനകള്‍ നടക്കുന്നില്ല. സി പി എം തീരുമാനങ്ങള്‍ ഏകപക്ഷീയമായി മാത്രം കൈക്കൊള്ളുന്നു - യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.

വെബ്ദുനിയ വായിക്കുക