സി പി എം നയിക്കുന്ന മുന്നണിയല്ല എല്‍ ഡി എഫ്: ചന്ദ്രപ്പന്‍

ശനി, 27 നവം‌ബര്‍ 2010 (20:54 IST)
PRO
സി പി എമ്മിനെതിരെ സി പി ഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്‍ ഒളിയമ്പുകളുമായി വീണ്ടും രംഗത്ത്. ഏതെങ്കിലുമൊരു പാര്‍ട്ടി നയിക്കുന്ന മുന്നണിയല്ല എല്‍ ഡി എഫെന്ന് ചന്ദ്രപ്പന്‍ തുറന്നടിച്ചു. കൊല്ലം പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കവേയാണ് ചന്ദ്രപ്പന്‍ സി പി എമ്മിനെതിരെ പ്രസ്താവന നടത്തിയത്.

ഏതെങ്കിലുമൊരു പാര്‍ട്ടി നയിക്കുന്ന മുന്നണിയല്ല ഇടതുമുന്നണി. സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ കൂട്ടായ പ്രവര്‍ത്തനമാണ് ആവശ്യം. തുല്യതയുടെ അടിസ്ഥാനത്തില്‍ നീങ്ങിയെങ്കിലേ മുന്നണിയുടെ പോക്ക് സുഗമമാകൂ. ഇടതുമുന്നണി വെറും തെരഞ്ഞെടുപ്പുമുന്നണിയായി പ്രവര്‍ത്തിച്ചാല്‍ പോരെന്നും ചന്ദ്രപ്പന്‍ പറഞ്ഞു.

വരും മാസങ്ങളില്‍ യോജിപ്പോടെ പ്രവര്‍ത്തിക്കാന്‍ ഇടതുമുന്നണിക്ക് കഴിയണം. ഇപ്പോഴുള്ള വെല്ലുവിളികളെ നേരിടേണ്ടത് മുന്നണിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തിക്കൊണ്ടാണ്. മെച്ചപ്പെട്ട പ്രവര്‍ത്തനത്തിലൂടെ എല്‍ ഡി എഫ് ജനങ്ങളുടെ പ്രശംസ നേടിയെടുക്കണം. എല്‍ ഡി എഫിലേക്ക് ജനാധിപത്യ കക്ഷികളെ സ്വാഗതം ചെയ്യുമ്പോള്‍ അത് ഗൗരിയമ്മയ്ക്കും ബാധകമാണെന്നും ചന്ദ്രപ്പന്‍ വ്യക്തമാക്കി.

ദൈവവിശ്വാസത്തെ അപകടപ്പെടുത്തുന്ന ഒരു പ്രവര്‍ത്തനവും ഇടതുമുന്നണി നടത്തിയിട്ടില്ല, നടത്തുകയുമില്ല. അത് എല്ലാവരുടെയും വ്യക്തിപരമായ കാര്യമാണ്. മതസ്വാതന്ത്ര്യം നിലനിര്‍ത്തുമെന്ന് വ്യക്തമാക്കുന്നതിനായി പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കേണ്ടി വന്നാല്‍ അതിനും തയ്യാറാകണമെന്ന് സി കെ ചന്ദ്രപ്പന്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക