സിപിഎം പിന്തുണച്ചു, മാണി വിഭാഗം കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ചു; അമർഷമടക്കാനാകാതെ കോൺഗ്രസ്

ബുധന്‍, 3 മെയ് 2017 (12:36 IST)
കേരള കോൺഗ്രസ് എം കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ചെടുത്തു. സിപിഎമ്മിന്റെ പിന്തുണയോടെയാണ് മാണി വിഭാഗം ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ചെടുത്തതെന്നത് ശ്രദ്ധേയം. ബുധനാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ 22 അംഗ ജില്ലാ പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിലെ സഖറിയാസ് കുതിരവേലി 12 വോട്ടുകള്‍ നേടി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പട്ടു.
 
സിപിഎമ്മിന്റെ പിന്തുണയോടെ നടത്തിയ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനെ തളളിയാണ് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിജയിച്ചത്. വോട്ടെടുപ്പിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് നടന്ന അട്ടിമറി നീക്കത്തിലൂടെയാണ് സിപിഎം പിന്തുണ ഉറപ്പിച്ച കേരള കോണ്‍ഗ്രസ് ഭരണം നേടിയെടുത്ത‌ത്. 
 
കേരള കോണ്‍ഗ്രസ് എമ്മിന്റെ ആറ് പ്രതിനിധികള്‍ക്കൊപ്പം സിപിഎമ്മിന്റെ ആറ് അംഗങ്ങളും സഖറിയാസ് കുതിരവേലിക്ക് അനുകൂലമായി വോട്ട് ചെയ്തു. അവസാന നിമിഷത്തിലായിരുന്നു ഈ ചുവടുമാറ്റം. നേരത്തെ കേരള കോണ്‍ഗ്രസ് മാണി വിഭാഗവും കോണ്‍ഗ്രസും തമ്മില്‍ ധാരണ ഉണ്ടാക്കിയിരുന്നു. ഇത് സംബന്ധിച്ച കരാര്‍ മാണി വിഭാഗം ലംഘിച്ചതില്‍ കോണ്‍ഗ്രസിന് കടുത്ത അമര്‍ഷമുണ്ട്.
 
സിപിഐയുടെ പിന്തുണയില്ലാതെയാണ് മാണി വിഭാഗത്തെ സിപിഎം കുടെ നിര്‍ത്തിയത്. സിപിഐ അംഗം വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. അഴിമതിയുടെ കറ പുരണ്ട മാണിയുടെ പാര്‍ട്ടിയെ പിന്തുണക്കണ്ട എന്നായിരുന്നു സിപിഐയുടെ നിലപാട്.

വെബ്ദുനിയ വായിക്കുക