സാർ, നിങ്ങൾക്ക് ഞങ്ങളുടെ മുഖ്യമന്ത്രി ആകാമോ? പിണറായി വിജയനോട് തമിഴ്, കന്നഡ ജനത

വ്യാഴം, 1 ജൂണ്‍ 2017 (12:51 IST)
കന്നുകാലി കശാപ്പ് നിരോധിച്ചു കൊണ്ട് കേന്ദ്ര സർക്കാർ വിജ്ഞ്ജാപനം പുറപ്പെടുവിച്ചപ്പോൾ ഏറ്റവും കൂടുതൽ പ്രതിഷേധങ്ങൾ നടത്തിയത് കേരളമാണ്. ഭക്ഷണ സ്വാതന്ത്രത്തിനു മേലുള്ള കേന്ദ്രസര്‍ക്കാരിന്റെ കടന്നു കയറ്റത്തിനെതിരെ ബീഫ് ഫെസ്റ്റിവൽ നടത്തിയാണ് കേരളം പ്രതിഷേധിച്ചത്‌. ശക്തമായ നിലപാടായിരുന്നു കേരള സര്‍ക്കാരും മുഖ്യമന്ത്രിയും സ്വീകരിച്ചത്.
 
തങ്ങള്‍ എന്ത് കഴിക്കണമെന്ന് തീരുമാനിക്കുന്നത് ദല്‍ഹിയില്‍ നിന്നോ നാഗ്പൂരില്‍ നിന്നോയല്ല എന്ന് പ്രതികരിച്ച പിണറായി വിജയന്‍ എല്ലാ മുഖ്യമന്ത്രിമാര്‍ക്കും വിഷയത്തില്‍ കത്തയക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ മദ്രാസ് ഐ.ഐ.ടിയിലെ പി.എച്ച്.എഡി വിദ്യാര്‍ത്ഥിയായ മലപ്പുറം സ്വദേശി സൂരജിന് ബീഫ് ഫെസ്റ്റില്‍ പങ്കെടുത്തതിന് മര്‍ദ്ദനമേറ്റ വിഷയത്തില്‍ അപലപിച്ച പിണറായി തമിഴ്‌നാട് മുഖ്യമന്ത്രിയോട് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ട്വിറ്ററിലൂടെ ആവശ്യപ്പെടുകയും ചെയ്തു. 
 
പിണറായി വിജയൻറെ ട്വിറ്റർ അക്കൗണ്ടിൽ അഭിനന്ദന പ്രവാഹമാണ്. രാജ്യത്തെ ജനങ്ങൾ ഒട്ടാകെ പിണറായിയുടെ നിലപാടിനെ വളരെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നതെന്ന് വ്യക്തം. നിങ്ങള്‍ക്ക് ഞങ്ങളുട മുഖ്യമന്ത്രിയാകാന്‍ കഴിയുമോ എന്നാണ് തമിഴ് ജനതകൾ ട്വിറ്ററിൽ ചോദിക്കുന്നത്.  
 
തമിഴ് ജനതയ്ക്ക് പുറമേ കര്‍ണ്ണാടകക്കാരും പോസ്റ്റിനു കീഴെ പിണറായിയെ പോലെയൊരു മുഖ്യമന്ത്രിയെ ആവശ്യമാണെന്ന് പറയുന്നുണ്ട്.  

വെബ്ദുനിയ വായിക്കുക