സായി വിദ്യാര്‍ത്ഥിനികള്‍ക്ക് എയിംസ് ഡോക്‌ടര്‍മാരുടെ സേവനം ലഭ്യമാക്കും

വെള്ളി, 8 മെയ് 2015 (13:02 IST)
വിഷക്കായ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി) ആലപ്പുഴ കേന്ദ്രത്തിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് ഡല്‍ഹി എയിംസിലെ ഡോക്‌ടര്‍മാരുടെ സേവനം ലഭ്യമാക്കും. സായി ഡയറക്ടര്‍ ജനറല്‍ ഐ ശ്രീനിവാസ് അറിയിച്ചതാണ് ഇക്കാര്യം. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ കഴിയുന്ന കുട്ടികളെ സന്ദര്‍ശിച്ച ശേഷം മാധ്യപ്രവര്‍ത്തകരോട് സംസാരിക്കുകായിരുന്നു അദ്ദേഹം. 
 
വിദ്യാര്‍ത്ഥിനികള്‍ വിഷക്കായ കഴിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ എത്തിയതായിരുന്നു ശ്രീനിവാസ്. വിഷക്കായ കഴിച്ച നാലു പെണ്‍കുട്ടികളില്‍ ഒരു പെണ്‍കുട്ടി മരിച്ചിരുന്നു. ബാക്കി മൂന്നുപേര്‍ വണ്ടാനം മെഡിക്കല്‍ കോളജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
 
ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാരും എയിംസിലെ ഡോക്ടര്‍മാരും ചര്‍ച്ച നടത്തി വിദ്യാര്‍ത്ഥിനികള്‍ക്ക് ആവശ്യമായ ചികിത്സ തീരുമാനിക്കും. വിദ്യാര്‍ത്ഥികള്‍ പരിശീലനം നടത്തിയിരുന്ന സായിയുടെ ആലപ്പുഴ പുന്നമടയിലെ തുഴച്ചില്‍ കേന്ദ്രം അദ്ദേഹം സന്ദര്‍ശിക്കും.
 
പരിശീലകരില്‍ നിന്നും ഹോസ്റ്റല്‍ വാര്‍ഡനില്‍ നിന്നും കായികതാരങ്ങളില്‍ നിന്നും മൊഴി രേഖപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. സായിയിലെ ജീവനക്കാരുടെ ഭാഗത്തു നിന്ന് ഏതെങ്കിലും തരത്തിലുള്ള വീഴ്ച ഉണ്ടായിട്ടുണ്ടെകില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക